ഏനാത്ത്: എം.സി റോഡിലെ അപകടങ്ങൾ കുറയ്ക്കാനും സുരക്ഷയൊരുക്കാനുമാണ് കഴക്കൂട്ടം മുതൽ അടൂർ വരെ സുരക്ഷ ഇടനാഴി പദ്ധതിയിലുൾപ്പെടുത്തി ശാസ്ത്രീയമായും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചും പണികൾ പൂർത്തികരിച്ചത്.എന്നാൽ പണികൾ പൂർത്തികരിച്ച നാൾ മുതൽ അടൂർ മുതൽ ഏനാത്ത് വരെയുള്ള ഭാഗം നിരന്തര അപകട മേഖലയായി മാറി. ഒരു മാസത്തിനിടക്ക് നിരവധി ജീവനുകളാണ് പൊലിഞ്ഞത്.ഞായറാഴ്ച രാത്രി 7.30ന് ഏനാത്ത് പെട്രോൾ പമ്പിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഗതാഗത സൂചക ബോർഡ് തകർത്ത് മതിലിടിച്ച് യുവാവ് മരിച്ചു.വെള്ളക്കുളങ്ങര ജി ആൻഡ് ജി ബംഗ്ലാവിൽ ഗ്രേയ്സൺ റെജിയാണ് മരിച്ചത്.ഏനാത്ത് നിന്ന് ബൈക്കിൽ അടൂരിലേക്ക് വരികയായിരുന്നു റെജി. ഒപ്പമുണ്ടായിരുന്ന അജാസ് പരിക്കേറ്റ് ചികിത്സയിലാണ്. തിങ്കളാഴ്ച 12.30ന് വടക്കടത്ത് കാവ് നടയ്ക്കാവ് ജംഗ്ഷന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റതാണ് അവസാനത്തേത്. കൊടുമൺ ബിജിൻ ഭവനത്തിൽ ബിജിൻ ,ഏനാത്ത് കിഴക്ക്പുറം സ്വദേശി അൽവിൻ ജോയി എന്നിവർക്കാണ് പരിക്കേറ്റത്. അടൂരിലേക്ക് വരികയായിരുന്ന കാറും ഏനാത്ത് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്. മിക്ക അപകടങ്ങൾക്കും പ്രധാന കാരണം അമിതവേഗതയും അശ്രദ്ധയുമാണ്.
നിരീക്ഷണ കാമറകൾ മിഴിയടച്ചു
അമിത വേഗതക്ക് തടയിടുവാൻ എം.സി റോഡിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകൾ മിഴിയടച്ചിട്ട് വർഷങ്ങളായി.അപകട പരമ്പര ഉണ്ടാകുമ്പോഴും നിരീക്ഷണ കാമറകൾ പ്രവർത്തിപ്പിക്കുവാൻ യാതൊരു നടപടിയുമില്ല. പൊലീസ്- മോട്ടോർ വാഹന വകുപ്പുകൾക്ക് വേഗമാപിനിയടക്കം വേണ്ടത്ര ആധുനിക ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും അപര്യാപ്തത റോഡ് സുരക്ഷയെ ബാധിക്കുന്നുണ്ട്. നിയമ ലംഘനവും അമിതവേഗതയും തടയുവാൻ വാഹന പരിശോധനയും നിരീക്ഷണവും ശക്തമാക്കുകമാത്രമാണ് പ്രതിവിധി.
-ഒരുമാസത്തിനിടെ പൊലിഞ്ഞത് നിരവധി ജീവനുകൾ