പത്തനംതിട്ട : ഒരു കിണറിൽ കൊതുകും കൂത്താടിയും നിറയെ പുല്ലും, അടുത്ത കിണറിലോ അകത്തും പുറത്തും ചുറ്റും കരിയിലകളും. രണ്ടിലും മോട്ടോറുകളും പ്രവർത്തിക്കുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കിണറുകളാണ് ഇത്തരത്തിൽ വൃത്തി ഹീനമായത്. ചികിത്സതേടി ആശുപത്രിയിലെത്തുന്നവർ പകർച്ചവ്യാധിയുടെ പിടിയിലാകുന്ന അവസ്ഥ. ദിവസവും നൂറിലധികം ആളുകൾ ചികിത്സയ്ക്കായെത്തുന്ന ആശുപത്രിയാണിതെന്നോർക്കണം. അതിലേറെ പേർ വിവിധ രോഗങ്ങളുമായി കിടത്തി ചികിത്സയിലുമുണ്ട്.

കാത്ത് ലാബ് അടക്കം ആധുനിക സജ്ജീകരണങ്ങൾ എല്ലാമുള്ള ആശുപത്രിയാണ്. വൃത്തി ഹീനമായ കിണറുകളിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ആണ് ആശുപത്രി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനും ഇവിടുണ്ട്.

പേ വാർഡിനടുത്ത കിണറാണ് കൊതുകും കൂത്താടിയുമായി വൃത്തി ഹീനമായി കിടക്കുന്നത്.

ഒ.പി പ്രവർത്തിയ്ക്കുന്ന കെട്ടിടത്തിനടുത്ത കിണർ മതിലിന് അടുത്താണ്. ഇവിടെയുള്ള തണൽ മരത്തിലെ കരിയിലകൾ കിണറ്റിലേക്കാണ് വീഴുന്നത്. ഈ കിണറിന്റെ ആൾമറയും തൂണും പൊട്ടി പൊളിഞ്ഞ നിലയിലും. ഇതിന് ഇരുമ്പ് വല ഇട്ടിട്ടുണ്ടെങ്കിലും മരത്തിലെ ചെറിയ ഇലകൾ അതിലൂടെ കിണറിനകത്തേക്ക് ഊർന്നു വീഴും. ആരോ ഉപേക്ഷിച്ച ഒരു കതകും കിണറിന് മുകളിൽ വച്ചിട്ടുണ്ട്. പക്ഷികളുടെ കാഷ്ഠവും ഭക്ഷണാവിശിഷ്ഠങ്ങളും കിണറിന്റെ പരിസരത്ത് ചിതറി കിടക്കുന്നത് കാണാം.

കിണർ വൃത്തിയാക്കാറില്ല. ബ്ലീംച്ചിംഗ് പൗഡറും ക്ലോറിനും

ഉപയോഗിച്ച് ശുദ്ധീകരിക്കാറുണ്ട്.

ആശുപത്രി ജീവനക്കാർ

2 കിണറുകൾ
ദിവസേന ആശുപത്രിയിൽ എത്തുന്നത്

100ൽ അധികം രോഗികൾ

കിണറുകളിൽ മലിനജലം

കരിയിലകൾ വെള്ളത്തിൽ

ആൾമറ തകർന്നു