തിരുവല്ല: പ്രളയത്തിൽ മുങ്ങിയ അപ്പർകുട്ടനാട്ടിലെ നെൽകൃഷി മേഖലയിലെ കർഷകർക്ക് നാശം സംഭവിച്ച് ഒരു വർഷത്തോളമായിട്ടും സഹായങ്ങൾ കിട്ടിയില്ല. ബണ്ടുകൾ തകർന്നും ചെളികയറി മൂടിയ പാടശേഖരങ്ങളിലെ ഇടത്തോടുകളും പഴയ നിലയിൽ തന്നെ. പെരിങ്ങര, നിരണം, കടപ്ര, നെടുമ്പ്രം പഞ്ചായത്തുകളിലെ ഒട്ടുമിക്ക പാടശേഖരങ്ങളുടെയും ബണ്ടുകളും തോടുകളും കുത്തൊഴുക്കിൽപ്പെട്ട് തകർന്നിരുന്നു. പുഞ്ച കൃഷി ആരംഭിക്കാൻ മൂന്നു മാസം മാത്രമാണുള്ളത്. കാലവർഷം തുടങ്ങിയതിനാൽ ഈ സീസണിൽ പാടശേഖരങ്ങളുടെ ബണ്ടുകളും മറ്റും പുനർനിർമ്മിക്കുക സാദ്ധ്യമല്ല. മിക്ക പാടശേഖരങ്ങളെയും പമ്പ് സെറ്റുകൾ മോട്ടോർ തറകളും വെള്ളത്തിൽ നഷ്ടപ്പെട്ടിരുന്നു.
ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ എല്ലാ പാടശേഖരങ്ങളും സന്ദർശിച്ച് നഷ്ടം തിട്ടപ്പെടുത്തിയാണ് തുക നിശ്ചയിച്ചത്. എന്നിട്ടും പൂർത്തിയാക്കിയ പ്രവൃർത്തികളുടെ പണം പോലും ഇതുവരെ നൽകിയിട്ടില്ല. പാടശേഖരങ്ങളിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിന് ഹെക്ടറിന് 12,200 രൂപയാണ് കർഷകർക്ക് ലഭിക്കേണ്ടത്. ഇതുകൂടാതെ തകരാറിലായ മോട്ടോറുകളും പെട്ടി, പറ എന്നിവ അറ്റകുറ്റപ്പണികൾ നടത്താനും നഷ്ടപ്പെട്ട പമ്പ് സെറ്റ് പുന:സ്ഥാപിക്കാനും വെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്ന ബണ്ടുകൾ ബലപ്പെടുത്താനുമെല്ലാം കർഷകർക്ക് സഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് വിശ്വസിച്ച കർഷകരാണ് ദുരിതത്തിലായത്. സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അടുത്തിടെ കർഷകർ നിരണം കൃഷിഭവന് മുന്നിൽ പ്രതിഷേധിച്ചിരുന്നു
സഹായം കുറച്ചുപേർക്ക് മാത്രം
അപ്പർകുട്ടനാട്ടിലെ 48 പാടശേഖരങ്ങളിൽ 12 എണ്ണത്തിലെ കർഷകർക്ക് മാത്രമാണ് കുറച്ചെങ്കിലും നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞ പ്രളയത്തിൽ അപ്പർകുട്ടനാട്ടിലെ എല്ലാ പാടശേഖരങ്ങളിലും ആഴ്ചകളോളം വെള്ളം കെട്ടിക്കിടന്ന് ചെളിയും മാലിന്യങ്ങളും വൻശേഖരമായി മാറിയിരുന്നു. കർഷകർ മാസങ്ങളോളം കഷ്ടപ്പെട്ടാണ് ചെളി നീക്കം ചെയ്ത് കൃഷിയിറക്കിയത്. എന്നാൽ സഹായങ്ങളെല്ലാം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.
തിട്ടപ്പെടുത്തിയ കണക്കുകൾ പ്രകാരം കർഷകർക്ക് സർക്കാർ തുക അനുവദിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് മുഖേന പണം ഉടൻ അതാത് കർഷകർക്ക് ലഭിക്കും.
ജോയ്സി ജോർജ്ജ്
(കൃഷി അസി.ഡയറക്ടർ)