തിരുവല്ല: ജില്ലാ ഐ.സി.എ.ആർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിൽ കാർഷിക മേഖലയുടെ സമഗ്ര വികസനത്തിന് പദ്ധതി തുടങ്ങി. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സതീഷ് ചാത്തങ്കേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ മുഖ്യ പ്രഭാഷണം നടത്തി. പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എലിയാമ്മ തോമസ്. കൃഷി വിജ്ഞാന കേന്ദ്രം സ്പെഷ്യലിസ്റ്റ്മാരായ വിനോദ് മാത്യു, ഡോ.റിൻസി കെ. ഏബ്രഹാം, ഡോ. സെൻസി മാത്യു എന്നിവർ നേതൃത്വം നൽകി. കൃഷി വകുപ്പ് അസ്സി. ഡയറക്ടർ ജോയ്സി കെ. കോശി, സീനിയർ വെറ്ററനറി സർജൻ ഡോ. സുബ്ബയ്യൻ, ഫിഷറീസ് വകുപ്പ് അസ്സി. ഡയറക്ടർ പ്രിൻസ്.എസ് എന്നിവർ പ്രസംഗിച്ചു. നൂതന സാങ്കേതിക വിദ്യകളുടെ അവതരണം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബർട്ട് നിർവ്വഹിച്ചു.
സമഗ്ര വികസന പദ്ധതി
1.നെല്ലിന്റെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനായി കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ സമ്പൂർണ്ണ എന്ന സൂക്ഷ്മ മൂലക വളത്തിന്റെ പ്രയോഗം, നെല്ലിന്റെ ജൈവ രീതിയിലുള്ള രോഗ കീടനിയന്ത്രണം.
2. തെങ്ങിന്റെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള സംയോജിത വളപ്രയോഗം, തെങ്ങിന്റെ വേരിനോട് ചേർന്നുള്ള അമ്ലത കുറക്കുന്നതിനുള്ള സാങ്കേതിക വിദ്യ.
3. വാഴയുടെ പിണ്ടിപ്പുഴുവിനെ നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക വിദ്യ, മഴമറകളിലെ കാബേജ് കൃഷി, ഇഞ്ചിയുടെ മൂട് ചീയൽ രോഗത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യ.
4. മുട്ടക്കോഴി പരിപാലനത്തിലെ നൂതന സാങ്കേതിക വിദ്യകൾ, കന്നുകാലിവളർത്തലിലെ സാങ്കേതിക വിദ്യകൾ, മഴക്കാലത്തേക്ക് കന്നുകാലികൾക്ക് തീറ്റ സംഭരിച്ച് സൂക്ഷിക്കുവാനുള്ള സൈലേജ് സാങ്കേതിക വിദ്യ.
5. ശുദ്ധജല മത്സ്യകൃഷി.
നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകൾക്ക് പ്രയോജനകരം
പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗച്ച് ഉല്പാദന വർദ്ധനവും വരുമാന വർദ്ധനവും നേടിയെടുക്കുന്നതിന് കർഷകർ മുന്നിട്ടിറങ്ങണം, അതിനുള്ള സാങ്കേതിക സഹായങ്ങൾ കർഷകരിലെത്തിക്കുവാനുള്ള കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.
അഡ്വ. മാത്യു ടി. തോമസ്
എം.എൽ.എ