plantain

തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ 11 -ാം വാർഡിൽ ആനാരി വടക്കേതിൽ ഓമനക്കുട്ടന് വാഴക്കൃഷി എന്നാൽ ജീവിതമാണ്. അയൽവാസിയിൽ നിന്ന് പാട്ടത്തിന് എടുത്ത ഒന്നരയേക്കർ ഭൂമിയിലാണ് കൃഷിത്തോട്ടം. ഏത്ത, പൂവൻ, ചെങ്കദളി ഇനത്തിൽപ്പെട്ട അഞ്ഞൂറോളം വാഴ ഇവിടെ തഴച്ചുവളരുന്നു. കൃഷിയിലേക്ക് തിരിഞ്ഞിട്ട് പത്ത് വർഷമായെങ്കിലും പാട്ടക്കൃഷി ചെയ്യുന്നതിനാൽ കൃഷിവകുപ്പിന്റെ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാറില്ല. വാഴ കൂടാതെ ചേന, കാച്ചിൽ, കപ്പ, ചേമ്പ് എന്നിവയും കൃഷിയിടത്തിലുണ്ട്. ജൈവരീതിയിലാണ് കൃഷി. മികച്ച ഒരു ക്ഷീരകർഷകൻ കൂടിയാണ് ഓമനക്കുട്ടൻ. കറവയുള്ള നാല് പശുക്കൾ സ്വന്തമായുണ്ട്. ഇവയുടെ ചാണകത്തിനാെപ്പം എല്ലുപൊടി ചേർത്ത് വളമായി ഉപയോഗിക്കുന്നു. പുലർച്ചെ പശുക്കറവയും പാൽ വിതരണവും കഴിഞ്ഞാലുടൻ ഓമനക്കുട്ടൻ കൃഷിയിടത്തിലിറങ്ങും. ഭാര്യ അനിതയും ഒപ്പമുണ്ടാകും. ഭൂമിയൊരുക്കുന്നത് മുതൽ കുലകൾ വെട്ടി കടകളിൽ വിൽക്കുന്നതുവരെ സ്വന്തമായാണ് ചെയ്യുന്നത്. കഴിഞ്ഞ പ്രളയത്തിൽ നാനൂറോളം മൂട് വാഴ നശിച്ചിരുന്നു. കൃഷിഭൂമി സ്വന്തം അല്ലാത്തതിനാൽ സർക്കാരിന്റെ ആനുകൂല്യങ്ങളൊന്നും കിട്ടിയില്ല. ഇതിൽ പരിഭവവുമില്ല. പ്രളയത്തെ തുടർന്ന് കൃഷിയിടത്തിൽ എക്കൽ അടിഞ്ഞുകൂടിയത് ഇത്തവണത്തെ കൃഷിക്ക് ഗുണപ്രദമായതായി ഓമനക്കുട്ടൻ പറയുന്നു. വാഴക്കൃഷിയിൽ നേരിടുന്ന പ്രധാന പ്രശ്നം പിണ്ടിപ്പുഴുവാണ്. വാഴപ്പിണ്ടിയിൽ പുഴുവിന്റെ ആക്രമണം ഉണ്ടാകുന്നതോടെ തണ്ടുകൾ ഒടിഞ്ഞു കുലകൾ വാടുകയും വാഴ നിലംപതിക്കുകയും ചെയ്യും.

എന്നാൽ കൃത്യവും നിരന്തരവുമായ പരിപാലനവുമൊരുക്കി കൃഷിയെ സംരക്ഷിക്കുകയാണ് ഇൗ കർഷകൻ.

ബി.എസ്സി നഴ്സിങ്ങ് പഠനം പൂർത്തിയാക്കിയ സാന്ദ്ര, പ്ലസ് ടുവിന് പഠിക്കുന്ന സാന്തുന എന്നിവരാണ് മക്കൾ.

വാഴക്കൃഷിയിൽ നിന്ന് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതിനാൽ വരുംവർഷങ്ങളിൽ കൂടുതൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യും.

ഓമനക്കുട്ടൻ