image
ആശുപത്രി ജംഗ്ഷനിൽ സ്ളാബിന്റെ പണികൾ പുരോഗമിക്കുന്നു

പത്തനംതിട്ട : യാത്രക്കാരെ അപകടത്തിലാക്കുന്ന നടപ്പാതകൾ ഇനിയില്ല. സ്ളാബുകൾ പഴയത് മാറ്റി പുതിയത് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പി.ഡബ്യൂ.ഡി ആരംഭിച്ചു. ആദ്യ ഘട്ടം പത്തനംതിട്ട പൊലീസ് സ്റ്റേഷൻ റോഡിലും രണ്ടാം ഘട്ടം സെന്റ്പീറ്റേഴ്സ് ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരേയുമുള്ള റോഡിലുമാണ് നടപ്പാക്കുന്നത്. സ്ളാബുകൾ മാറ്റി ഓട പൊട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇതോടൊപ്പം കൈവരികളും ഉണ്ടാകും. പൊലീസ് സ്റ്റേഷൻ റോഡിൽ കൈവരികളും സ്ളാബിന് മുകളിൽ ടൈലുകളും പാകും. 25 ലക്ഷം രൂപ ചെലവഴിച്ചാണ് സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള സ്ലാബുകളുടെ നിർമ്മാണം നടക്കുന്നത്. പൊലീസ് സ്റ്റേഷൻ റോഡിന് 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്.

ദുരിതമായി നഗരത്തിലെ സ്ലാബുകൾ

നാല് വർഷത്തിലധികമായി നഗരത്തിലെ സ്ളാബുകൾ പി.ഡബ്യൂ.ഡി അധികൃതർ മാറ്റി സ്ഥാപിച്ചിട്ട്. മിക്ക സ്ഥലത്തും സ്ലാബുകളിൽ വലിയ വിടവുകളാണ് രൂപപ്പെട്ടിരുന്നത്. കഴിഞ്ഞ ഏപ്രിൽ മാസം കടയിൽ സാധനം വാങ്ങാനെത്തിയ മുണ്ടുകോട്ടയ്ക്കൽ സ്വദേശി രജനിയുടെ കാൽ ആശുപത്രി റോഡിൽ കാർഷിക വികസന ബാങ്കിന്റെ മുമ്പിലുള്ള സ്ളാബിൽ കുടുങ്ങിയിരുന്നു. ഫയർഫോഴ്സ് എത്തി സ്ളാബ് മുറിച്ചാണ് കാൽ പുറത്തെടുത്തത്. ഇങ്ങനെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. രാത്രികാലത്ത് തട്ടുകട നടത്തുന്നവർ മലിനജലം ഒഴുക്കി കളയാൻ വേണ്ടി സ്ലാബുകളിൽ വിടവുണ്ടാക്കുന്നതായി പ്രദേശവാസികൾ പറയുന്നു. നാട്ടുകാർ വിവരം പൊതു മരാമത്തിനെയും നഗരസഭേയയും പലപ്പോഴും അറിയിച്ചിട്ടുള്ളതാണെങ്കിലും നടപടിയൊന്നും എടുത്തിരുന്നില്ല. മഴ പെയ്യുമ്പോൾ ഓടകളിൽ നിന്ന് വെള്ളം റോഡിലേക്കും വ്യാപിക്കാറുണ്ട്. വേഗത്തിൽ പണി പൂർത്തീയാക്കാനാണ് തീരുമാനം.

പൊലീസ് സ്റ്റേഷൻ റോഡിലെ സ്ളാബുകളുടെ പണി ആരംഭിച്ചു. സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ മുതലുള്ള പണി തുടങ്ങിയിട്ട് രണ്ട് ദിവസമായി. പൊട്ടിയ ഓടകൾ പരിശോധിച്ച് മാറ്റേണ്ടതാണെങ്കിൽ പൂർണമായും പൊളിച്ചിട്ട് പുതുക്കി പണിയും. കൈവരികളും നിർമ്മിക്കാനും ടൈലുകളും പാകാനും തുക വിനിയോഗിച്ചിട്ടുണ്ട്.

പി.ഡബ്യൂ.ഡി അസി.എക്സിക്യൂട്ടീവ് എൻജിനീയർ

-ആദ്യ ഘട്ടം പത്തനംതിട്ട പൊലീസ് സ്റ്റേഷൻ റോഡിലും, രണ്ടാം ഘട്ടം സെന്റ്പീറ്റേഴ്സ് ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ റോഡിലും

ചെലവ് 25 ലക്ഷം രൂപ