കൊടുമൺ :പൊതുമരാമത്ത് മന്ത്രിയുടെ ഉറപ്പും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ വാഗ്ദാനവും പാഴ്വാക്കായി. ആനന്ദപ്പള്ളി തുമ്പമൺ റോഡിലെ പറപ്പെട്ടി തട്ട എസ്.കെ.വി.യു.പി സ്കൂളിന്റെ സമീപത്തെ വെള്ളക്കെട്ട് ഒരു വർഷത്തിനു ശേഷവും അതേ പടി തന്നെ. 2018 ജൂൺ മാസം വിവരാവകാശ പ്രവർത്തകനായ ശ്രീജിത്ത് കുമാർ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് ഈ വാർത്ത ആദ്യം പുറത്തു വിടുന്നത്. തുടർന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ, വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ്, പത്തനംതിട്ട പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ, ചിറ്റയം ഗോപകുമാർ എം.എൽ.എ തുടങ്ങിയവർക്ക് റോഡിന്റെ ഈ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി രേഖാമൂലം പരാതിയും നിവേദനവും നൽകിയിരുന്നു. അടൂർ എം.എൽ.എയും പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയറും വാക്കാലും പൊതുമരാമത്ത് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രേഖാമൂലം ഈ വിഷയത്തിൽ അടിയന്തര പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പുനൽകി. എന്നാൽ ഒരു വർഷത്തിനു ശേഷവും റോഡിന്റെ ദുരവസ്ഥ പഴയതു പോലെ തന്നെ. നൂറുകണക്കിന് സ്കൂൾ വിദ്യാർഥികൾക്കും വഴിയാത്രക്കാർക്കും തീരാദുരിതമായി. യാതൊരുവിധ നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
സംസ്ഥാന പാതയായി ഉയർത്തി അടൂർ കോഴഞ്ചേരി തമ്മിൽ ബന്ധിപ്പിക്കുന്ന എന്ന തരത്തിൽ സർവേ നടപടികൾ നടക്കുകയാണ്. അതുകൊണ്ടാണ് റോഡിൽ അറ്റകുറ്റപണി നടത്താത്തത്.
( പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ.)
പറപ്പെട്ടി തട്ട എസ്.കെ.വി.യു.പി സ്കൂളിന്റെ സമീപത്തെ വെള്ളക്കെട്ടിന്റെ പ്രശ്നം വീണ്ടും അധികാരികളുടെ മുന്നിൽ എത്തിക്കും.
ശ്രീജിത്ത് കുമാർ തട്ടയിൽ
(പൊതു പ്രവർത്തകൻ)
-സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വാർത്ത പുറത്തു വന്നിരുന്നു
-പരാതിയും നിവേദനവും നൽകി
-സ്കൂൾ വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും ദുരിതം
- ശരിയാക്കാമെന്ന് മന്ത്രിയുടെ ഉറപ്പ് പാഴായി