പന്തളം: ഫയർസ്റ്റേഷൻ പന്തളത്ത് ഉണ്ടോ, ഇല്ലയോ എന്ന കാര്യത്തിൽ ആർക്കും ഒരു സംശയം തോന്നിയേക്കാം. ഫയർസ്റ്റേഷന്റെ കാര്യം ഇവിടെ രണ്ട് പതിറ്റാണ്ടായി കേൾക്കുന്നതാണ്. കാര്യങ്ങൾ അറിഞ്ഞാൽ ആരുമൊന്നു മൂക്കത്ത് വിരൽവയ്ക്കും.
പി.കെ.കുമാരൻ എം.എൽ.എ ആയിരുന്ന കാലത്താണ് ഫയർസ്റ്റേഷൻ പന്തളത്തിന് അനുവദിച്ചത്. ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ അത് പാലിക്കപ്പെട്ടില്ല. പിന്നീട് 2006 - 07 പദ്ധതിയിൽ പന്തളം പഞ്ചായത്ത് പൂഴിക്കാട് ചിറമുടിയിൽ ഫയർഫോഴ്സിന് സൗകര്യങ്ങൾ ഒരുക്കാൻ 2 ലക്ഷം രൂപ അനുവദിച്ചു. വാഹനം ഇടുന്നതിന് ഷെഡ്, ഓഫീസ് റൂം, വാട്ടർ ടാങ്ക് എന്നിവ നിർമ്മിക്കാനായിരുന്നു തുക. എന്നാൽ പാതി വഴിയിൽ കരാറുകാരൻ പണി ഉപേക്ഷിച്ചു. കെട്ടിടം കാടുമൂടി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കുളനടയിൽ ഫയർസ്റ്റേഷൻ തുടങ്ങാൻ ആറന്മുള എം.എൽ.എ ആയിരുന്ന അഡ്വ. കെ.ശിവദാസൻ നായർ ശ്രമം നടത്തി. എന്നാൽ പന്തളത്ത് തന്നെ തുടങ്ങാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചതോടെ കുളനട ഒഴിവായി.
പന്തളം വലിയപാലത്തിന് സമീപമുള്ള പി.ഡബ്യൂ.ഡി പുറമ്പോക്കാണ് എം.എൽ.എ കണ്ടെത്തിയ സ്ഥലം. ഇവിടെ ഒാഫീസ് കെട്ടിടം പണിയണം എന്ന കാരണത്താൽ പൊതുമരാമത്ത് വകുപ്പ് ഭൂമി വിട്ടുനൽകാൻ തയ്യാറായില്ല.
ഇപ്പോൾ പന്തളം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചിറമുടിയിലുള്ള സ്ഥലം സ്റ്റേഷൻ നിർമാണത്തിന് അനുയോജ്യമാണെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഭൂമി ഫയർഫോഴ്സ് ഡിപ്പാർട്ടുമെന്റിന് എഴുതി നൽകിയാലേ കെട്ടിടനിർമാണം സാദ്ധ്യമാകു.
വാടകകെട്ടിടത്തിൽ
വാടകകെട്ടിടത്തിൽ ഫയർസ്റ്റേഷൻ പ്രവർത്തിക്കാൻ മൂന്നുമാസം മുമ്പ് നഗരസഭ പൂഴിക്കാട് തോണ്ടുകണ്ടത്തിന് സമീപം സ്വകാര്യ സ്ഥലവും കെട്ടിടവും കണ്ടെത്തിയിരുന്നു. എന്നാൽ ഫയർഫോഴ്സ് അധികൃതർ നടത്തിയ പരിശോധനയിൽ കെട്ടിടം പര്യാപ്തമല്ലെന്ന് കണ്ടെത്തി. കെട്ടിടത്തിൽ കൂടുതൽ സൗകര്യമൊരുക്കി നൽകാമെന്ന് ഉടമ അറിയിച്ചിട്ടുണ്ട്.
പന്തളം , കുളനട, മെഴുവേലി, തുമ്പമൺ പ്രദേശങ്ങളിൽ അത്യാഹിതമുണ്ടായാൽ അടൂർ, പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ഫയർഫോഴ്സ് എത്തുന്നത്. കിലോമീറ്ററുകൾ താണ്ടി രക്ഷകർ എത്തുമ്പോഴേക്കും പലപ്പോഴും ജീവനും നഷ്ടമായിരിക്കും.
മണ്ഡലകാലത്ത് പന്തളത്ത് താല്കാലിക ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്.
ശബരിമല സീസണ് മുമ്പെന്ന് മുഖ്യമന്ത്രി
ഫയർസ്റ്റേഷന് താമസം നേരിടുന്ന സാഹചര്യത്തിൽ സി.പി.എം നേതാക്കളായ മുൻ എം.എൽ.എ പി.കെ.കുമാരൻ, കെ.പി.ചന്ദ്രശേഖര കുറുപ്പ്, രാധാരാമചന്ദ്രൻ, നഗരസഭ ചെയർപേഴ്സൺ ടി.കെ.സതി എന്നിവർ മുഖ്യമന്ത്രിയെകണ്ട് നടപടി ആവശ്യപ്പെട്ടു. അടുത്ത ശബരിമല സീസണ് മുമ്പ് ഫയർസ്റ്റേഷൻ ആരംഭിക്കാൻ മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ഇവർ പറഞ്ഞു.
ഫയർസ്റ്റേഷൻ
അനുവദിച്ചത് രണ്ട് പതിറ്റാണ്ട് മുമ്പ്
കെട്ടിടം പണി പാതിയിൽ മുടങ്ങി
വാടക കെട്ടിടവും പരിഗണനയിൽ