പത്തനംതിട്ട : കക്കി, ആനത്തോട്, പമ്പ ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞതിനാൽ ശബരിഗിരിയുടെ മൂഴിയാർ നിലയത്തിൽ വൈദ്യുതി ഉത്പാദനം കുറച്ചു. സംസ്ഥാനത്തെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണിത്. ആനത്തോട് ഡാം വറ്റി. കക്കിയിലും പമ്പയിലും നീരൊഴുക്ക് കുറഞ്ഞു. മൂഴിയാറിൽ ഇന്നലെ 1.3 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. മഴ ലഭിച്ച തിങ്കളാഴ്ച 1.8 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിച്ചിരുന്നു. കക്കി, പമ്പ ഡാമുകളിലെ ഇന്നലത്തെ ജലനിരപ്പ് 7.89 ശതമാനമാണ്. കഴിഞ്ഞ വർഷം ജൂൺ 27ന് 45 ശതമാനമായിരുന്നു.
ഡാമുകൾ വറ്റുന്നതുവരെ വൈദ്യുതി ഉത്പാദിപ്പിക്കാനാവുന്ന സംവിധാനമാണ് മൂഴിയാറിലുള്ളത്. ആറ് ജനറേറ്ററുകളുണ്ടെങ്കിലും ഒരെണ്ണം മാത്രമേ ഇപ്പോൾ പ്രവർത്തിപ്പിക്കുന്നുള്ളൂ. മഴ ശക്തമായില്ലെങ്കിൽ വൈദ്യുതോത്പാദനം ജൂലായ് അവസാനത്തോടെ നിറുത്തിവയ്ക്കേണ്ടി വരുമെന്നാണ് സൂചന.
'നിലവിൽ പ്രതിസന്ധിയില്ല. ഡാമുകളിലെ നീരൊഴുക്ക് പൂർണമായി ഇല്ലാതായാൽ ഉത്പാദനം നിറുത്തിവയ്‌ക്കും".
- മൂഴിയാർ വൈദ്യുതിനിലയം അധികൃതർ