പത്തനംതിട്ട: ശ്രീനാരായണ ഗുരുവിന്റെ രൂപം കെട്ടിവലിക്കുകയും സീതയെയും ഹനുമാനെയും ആക്ഷേപിക്കുകയും ചെയ്തത് ആവിഷ്കാര സ്വാതന്ത്ര്യമെന്ന് പറഞ്ഞവർ ബിഷപ്പ് ഫ്രാങ്കോയെ കാർട്ടൂണിലാക്കിയതിനെ എതിർത്തത് എന്തിനാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ ചോദിച്ചു.
യോഗം കോഴഞ്ചരി യൂണിയന്റെ മെറിറ്റ് അവാർഡ് മേളയും ദുരിതാശ്വാസ സഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതശക്തികളെ തൃപ്തിപ്പെടുത്തിയില്ലെങ്കിൽ വോട്ട് കിട്ടില്ലെന്ന് ഭയന്നാണ് ഫ്രാങ്കോയെ കാർട്ടൂണിലാക്കിയതിനെ സർക്കാർ എതിർത്തത്. രാഷ്ട്രീയക്കാർ ആദർശം കളഞ്ഞ് ഇപ്പോൾ അടവുനയത്തിലാണ്. ഇടുക്കിയിലെ മലകൾ മുഴുവർ മതശക്തികൾക്ക് പതിച്ചുകൊടുത്തു. കുരിശ് പിഴുതപ്പോൾ അത്രയ്ക്ക് വേണ്ടെന്നാണ് മന്ത്രി പറഞ്ഞത്.
ശബരിമല വിഷയത്തിൽ ആദ്യം പറഞ്ഞിടത്തു തന്നെ താൻ ഉറച്ചുനിൽക്കുന്നു. സുപ്രീംകോടതി വിധി നിർഭാഗ്യകരമെന്നാണ് ഇപ്പോഴും പറയുന്നത്. അതിന്റെ പേരിൽ സമരത്തിനിറങ്ങരുതെന്നാണ് പറഞ്ഞത്. സമരം ചെയ്ത ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ പേരിൽ ഇരുന്നൂറിലേറെ കേസുകളുണ്ട്. ശബരിമലയെ സുവർണാവസരമായി കണ്ട പി.എസ്.ശ്രീധരൻപിളളയ്ക്കെതിരെ കേസില്ല. ശബരിമല നിലപാടിന്റെ പേരിൽ താൻ രാപ്പകൽ തെറികൾ കേട്ടു. അത് കാര്യമാക്കുന്നില്ല. കുമാരനാശാനും ആർ. ശങ്കറും ചെയ്യാത്ത കുറ്റത്തിന് തെറിവിളികൾ കേട്ടതാണെന്നും വെളളാപ്പളളി പറഞ്ഞു..