ചെങ്ങന്നൂർ: മോട്ടോർ വാഹന വകുപ്പിന്റെ ചെങ്ങന്നൂർ ഓഫീസിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ഇടനിലക്കാരിൽ നിന്നും 59,000രൂപയും ആർ.സി ബുക്കുകളും റീ-ടെസ്റ്റ് കാർഡുകളും കണ്ടെടുത്തു. ഇടനിലക്കാരായ ഷാജി, കൊച്ചു മോൻ, ശശികുമാർ എന്നിവരെയാണ് വിജിലൻസ് സംഘം പിടികൂടിയത്. ഷാജിയുടെ കൈയിൽ നിന്നും 42000രൂപയും 12 ആർ.സി ബുക്കുകളും, കൊച്ചുമോന്റെ കൈയിൽ നിന്നും 12000രൂപയും 46 റീ-ടെസ്റ്റ് കാർഡുകളും ശശികുമാറിന്റെ കൈയിൽ നിന്നും 5000രൂപയുമാണ് കണ്ടെത്തിയത്. ഇടനിലക്കാർ മുഖാന്തിരം ഉദ്യോഗസ്ഥർ ഉപഭോക്താക്കളുടെ കൈയിൽ നിന്നും വൻതോതിൽ പണം മേടിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരിശോധന. സേവന നിയമപ്രകാരം സർക്കാർ ഫാസ്റ്റ് ട്രാക്ക് ഓൺലൈൻ സംവിധാനം സജ്ജീകരിച്ചിരുന്നു. മാത്രമല്ല ഇടപാടുകൾ സുതാര്യമാക്കുന്നതിന് ഓൺലൈൻ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുകയും നിശ്ചിത സമയത്തിനുളളിൽ സേവനം ലഭ്യമാക്കുകയും ചെയ്യേണ്ടത്. ഇതറിയാതെ എത്തുന്ന ഉപഭോക്താക്കളെയാണ് ഏജന്റുമാർ കബളിപ്പിക്കുന്നത്. വൈകിട്ട് 3ന് തുടങ്ങിയ പരിശോധന രാത്രി 7.30നാണ് അവസാനിച്ചത്. റെയ്ഡിൽ പിടികൂടിയ പണം ട്രഷറിയിൽ അടക്കുമെന്ന് റെയ്ഡിന് നേതൃത്വം നൽകിയ വിജിലൻസ് സി.ഐ എൻ. ബാബുക്കുട്ടൻ പറഞ്ഞു. കിഷോർ, പ്രദീഷ്, അജീഷ്, മനോജ് എന്നിവരടങ്ങിയ വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്.