ചെങ്ങന്നൂർ: ക്ഷീര കർഷകൻ ദുരുഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ഡൽഹിയിലേക്ക്. ചെങ്ങന്നൂർ എസ്.ഐ എസ്.വി ബിജു, സിവിൽ പൊലീസ് ഓഫീസർ എസ്. ബാലകൃഷ്ണൻ എന്നിവർ ഇന്ന് ഡൽഹിക്ക് പുറപ്പെടും. പുലിയൂർ മോടിയിൽ പുത്തൻവീട്ടിൽ ചെല്ലപ്പന്റെ മകൻ വിക്രമൻ (55)ആണ് മരിച്ചത്. വിൽക്കാനായി കട്ടപ്പനയിൽ നിന്ന് വൃന്ദാവൻ ആശ്രമത്തിലേക്ക് വെച്ചൂർ പശുക്കളുമായി കഴിഞ്ഞ 16നാണ് വിക്രമൻ പോയത്. 21ന് ഡൽഹിയിലെത്തി. പിന്നീട് തനിക്ക് സുഖമില്ലെന്നും രക്തം ഛർദ്ദിച്ചെന്നും ആശുപത്രിയിലെത്തിക്കാതെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും ഫോണിൽ മക്കളെ വിവരമറിയിച്ചു. 22ന് രാത്രി 9.45വരെ ഫോണിൽ വീട്ടുകാരുമായി സംസാരിച്ചു. ഇതിനുശേഷം വിക്രമനെ ഫോണിൽ കിട്ടാതായി. അന്വേഷിച്ച് മകൻ അരുൺ 23ന് വിമാന മാർഗം ഡൽഹിയിലെത്തി. വൈകിട്ട് 3.50ന് ഡൽഹിയിലെത്തിയെങ്കിലും വിക്രമനെ കാണാൻ കൂടെ ഉണ്ടായിരുന്നവർ അനുവദിച്ചില്ല. തിങ്കളാഴ്ച പുലർച്ചെ വിക്രമന്റെ മൃതശരീരമാണ് കാട്ടിയതെന്ന് അരുൺ പറഞ്ഞു. 22ന് രാത്രിതന്നെ വിക്രമൻ മരിച്ചതായാണ് കൂടെ ഉണ്ടായിരുന്നവർ പിന്നീട് അറിയിച്ചത്. മരണത്തിൽ ദുരൂഹത ഉണ്ടെന്നും വിക്രമന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും മറ്റ് സാധനങ്ങളും തിരിച്ചു നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. സംഭവത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാനും എസ്.എൻ.ഡി.പി യോഗം ടൗൺ ശാഖയും ആവശ്യപ്പെട്ടിരുന്നു.