മരിച്ച രാജ്കുമാറും കുഴപ്പക്കാരനായിരുന്നു
പത്തനംതിട്ട: പൊലീസ് ചെയ്തു കൂട്ടുന്ന വിവരക്കേടുകൾക്ക് സർക്കാർ മറുപടി പറയേണ്ടി വരുന്നുവെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. കേരളാ പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിന് ചീത്തപ്പേരുണ്ടാക്കാനാണ് പൊലീസിന്റെ ശ്രമം. പൊലീസ് പഴയത് പോലെ പ്രവർത്തിക്കാൻ തുടങ്ങിയാൽ കാര്യങ്ങൾ വഷളാകും. വേണ്ടാത്ത കാര്യങ്ങൾ ചെയ്യുന്ന പൊലീസുകാരുടെ കഞ്ഞികുടി മുട്ടുമെന്നും ഓർക്കണം. നെടുങ്കണ്ടത്തുണ്ടായ സംഭവം താനോ മുഖ്യമന്ത്രിയോ അറിഞ്ഞിട്ടില്ല. എന്നിരുന്നാലും നിയമസഭയിൽ മറുപടി പറയേണ്ടത് തങ്ങളാണ്. എന്തെങ്കിലും സംഭവിച്ചിട്ട് സർക്കാരിനെ സമീപിച്ചാൽ സംരക്ഷിക്കില്ല. സർക്കാരിന്റെ സൽപ്പേര് ഉയർത്തിക്കാണിക്കാനാണ് പൊലീസ് പ്രവർത്തിക്കേണ്ടത്.
നെടുങ്കണ്ടം സംഭവത്തിൽ ശരിയായ കാര്യങ്ങളല്ല മാദ്ധ്യമങ്ങൾ പറയുന്നത്. മരിച്ച രാജ്കുമാർ കുഴപ്പക്കാരനായിരുന്നു.. രാജ്കുമാറിനൊപ്പം തട്ടിപ്പ് നടത്തിയവരാണ് അയാളെ മർദ്ദിച്ചത്. സ്ത്രീകളടക്കം ഈ സംഭവത്തിലുണ്ട്. രാജ്കുമാർ മരിച്ചപ്പോൾ പരാതി ഉന്നയിച്ചവരാണ് യഥാർത്ഥത്തിൽ തട്ടിപ്പിന് പിന്നിൽ. ഇത് അന്വേഷിക്കാനാണ് സർക്കാർ ഉന്നത തലത്തിലുള്ള സംഘത്തെ നിയമിച്ചിരിക്കുന്നത്. കുറ്റക്കാരായ ഒരാളെപ്പോലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി .എൻ. അനീഷ് അദ്ധ്യക്ഷത വഹിച്ചു. വീണാജോർജ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.