കേരളകൗമുദി - എസ്.എൻ.ഐ.ടി മെറിറ്റ് അവാർഡ് മേള
കൊടുമൺ: അക്കാദമിക രംഗത്ത് മികവുള്ള തലമുറയെ വളർത്തി കൊണ്ട് വരേണ്ടത് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കടമയാണെന്നും നല്ലത് ലക്ഷ്യമിടുന്ന പുതുതലമുറയിലൂടെ മാത്രമേ പുരോഗതി കൈവരിക്കാനാകൂവെന്നും ആന്റോ ആന്റണി എം.പി അഭിപ്രായപ്പെട്ടു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ കേരളകൗമുദിയും എസ്.എൻ.ഐ.ടിയും ചേർന്ന് അടൂർ ഏഴംകുളം തേപ്പുപാറ എസ്.എൻ.ഐ.ടി ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച
മെറിറ്റ് അവാർഡ് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിനുണ്ടായ മാറ്റങ്ങൾ ഉൾക്കൊണ്ട് ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുവാൻ കേരളകൗമുദിക്ക് എന്നും കഴിഞ്ഞിട്ടുള്ളതായി എം.പി പറഞ്ഞു. ആധുനിക കാലഘട്ടത്തിലെ വിപ്ലവകരമായ മാറ്റങ്ങൾക്ക് സ്ഥാപനങ്ങൾ മാത്രമല്ല ഇപ്പോൾ രാജ്യങ്ങൾ തമ്മിൽ പോലും മത്സരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. നമ്മുടെ കുട്ടികളുടെ അത്മവിശ്വാസം വളർത്തുവാൻ ഇത്തരം ചടങ്ങുകൾ കാരണമാകുമെന്നും അദേഹം കൂട്ടി ചേർത്തു. ജില്ലാ പഞ്ചായത്തംഗം ആർ.ബി രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് കോർപ്പറേഷൻ ചെയർമാൻ കെ.എൻ.സതീഷ് ജില്ലയിൽ എസ്.എസ്.എൽ.സി ,പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ കുട്ടികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. എസ്.എൻ.ഐ.ടി ചെയർമാൻ അമ്പാടിയിൽ കെ.സദാനന്ദൻ, മാനേജിംഗ് ഡയറക്ടർ എബിൻ ആമ്പാടിയിൽ, കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, എസ്.എൻ.എെ.ടി അക്കാദമിക് ചെയർമാൻ ഡോ.കേശവ് മോഹനൻ, കോളജ് പ്രിൻസിപ്പൽ ജോർജ് ചെല്ലിൻ ചന്ദ്രൻ,ടി.ബി.എെ ചെയർമാൻ പ്രൊഫ.എൻ.രാധാകൃഷ്ണൻ നായർ, പ്രൊഫ.സദാനന്ദൻ, പ്രൊഫ.സുജ പൗലോസ്,ഡോ.രാജി രാജൻ, പ്രൊഫ.കെവിൻ തോമസ്, പ്രൊഫ.ലക്ഷ്മി നായർ, പ്രൊഫ.റിയാന, കേരള കൗമുദി സീനിയർ പ്രതിനിധി സി.വി.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.