തിരുവല്ല: സാമൂഹ്യക്ഷേമ പദ്ധതികൾക്ക് മുൻതൂക്കം നൽകി താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ 2019 -20ലെ ബഡ്ജറ്റ് അവതരിപ്പിച്ചു. 3,76,78,023 രൂപ വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ശാന്തകുമാർ ബഡ്ജറ്റ് അവതരിപ്പിച്ചു. വിദ്യാഭ്യാസ സഹായത്തിന് 1,35,000 രൂപയും വിവിധ സ്‌കോളർഷിപ്പുകൾ, എൻഡോവ്‌മെന്റ് എന്നീയിനങ്ങളിൽ 3,00,000 രൂപയും ചികിത്സാ വിവാഹ ധനസഹായങ്ങൾക്ക് 2,00,000 രൂപ വീതവും വകയിരുത്തി.ആദ്ധ്യാത്മിക പഠനകേന്ദ്രം ഗ്രാന്റ് ഇനത്തിൽ 3,60,000 രൂപയും വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 5,00,000 രൂപയും ഭവനനിർമ്മാണ ധനസഹായത്തിന് 12,00,000 രൂപയും റൂറൽമാർട്ടിന് 5,00,000 രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വനിതാസ്വയം സഹായ സംഘങ്ങളിൽ ഡയറി യൂണിറ്റുകളും സംയോജിത മുട്ടഗ്രാമം പദ്ധതിയും വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ആർ. മോഹൻകുമാർ, യൂണിയൻ ഇൻസ്‌പെക്ടർ വിനോദ്കുമാർ, പ്രൊഫ. കെ. രാധാകൃഷ്ണൻ കാവുംഭാഗം, തുളസീധരൻനായർ വള്ളംകുളം, രാജശേഖർ നെടുമ്പ്രം പടിഞ്ഞാറെക്കര, കെ.പി. രമേശ് വള്ളംകുളം, കൃഷ്ണകുറുപ്പ് കുറിയന്നൂർ എന്നിവർ പ്രസംഗിച്ചു.