തിരുവല്ല: ഗ്രാമീണമേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ തിരുവല്ല - കല്ലുങ്കൽ ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. പതിറ്റാണ്ടുകളായി ഈ മേഖലയിലേക്ക് നടത്തിയിരുന്ന ബസ് സർവ്വീസ് മൂന്നുമാസമായി നിലച്ചതോടെ വിദ്യാർത്ഥികളും നാട്ടുകാരും ഏറെ ദുരിതത്തിലാണ്. മുമ്പ് ദിവസേന എട്ട് ട്രിപ്പുകൾ വരെ നടത്തിയിരുന്നു. പിന്നീട് രാവിലെയും വൈകിട്ടുമായി രണ്ടു സർവ്വീസ് മാത്രമായി ചുരുക്കി. എങ്കിലും ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. എന്നാലിപ്പോൾ അതുംകൂടി നിറുത്തലാക്കി കെ.എസ്.ആർ.ടി.സി പ്രദേശവാസികളെ വെല്ലുവിളിച്ചിരിക്കുകയാണ്. തിരുവല്ല നഗരത്തിൽ നിന്നും ആറ് കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി മണിമലയാറിന്റെ തീരപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന കല്ലുങ്കൽ, വെൺപാല പ്രദേശങ്ങളിലേക്ക് മറ്റു യാത്രാ സൗകര്യങ്ങളൊന്നും നിലവിലില്ല. മുമ്പ് ഇതുവഴി സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് സർവീസും നിലച്ചുപോയിരുന്നു. കെ.എസ്.ആർ.ടി.സിയും സർവ്വീസ് നിറുത്തിയതോടെ തിരുവല്ലയിലെ വിവിധ സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, മറ്റു സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ പ്രദേശവാസികൾ കടുത്ത യാത്രാക്ലേശമാണ് അനുഭവിക്കുന്നത്. ജനങ്ങളുടെ ദുരിതം മനസ്സിലാക്കി ബസ് സർവ്വീസ് പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.

യൂത്ത് കോൺഗ്രസ് നിവേദനം നൽകി
തിരുവല്ല - കല്ലുങ്കൽ റൂട്ടിൽ കെ.എസ്.ആർ.ടി.സി നടത്തിയിരുന്ന ബസ് സർവ്വീസ് നിറുത്തലാക്കിയതിൽ യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുജനങ്ങളിൽ നിന്നും ഒപ്പ് ശേഖരിച്ചു യൂത്ത് കോൺഗ്രസ് ഡി.ടി.ഒയ്ക്ക് നിവേദനം നൽകി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, നെടുമ്പ്രം മണ്ഡലം പ്രസിഡന്റ് ജോൺസൺ വെൺപാല, നിസിൽരാജ്, സൂരജ് കൃഷ്ണൻ, ബിനു, ടിജോ തോമസ്, ജെയ്‌സൺ തോമസ് എന്നിവർ നേതൃത്വം നൽകി.