eee

അജിത്ത് കാമ്പിശ്ശേരി

തിരുവല്ല: അറിവിന്റെ വെളിച്ചമായി 35 വർഷമായി വിശ്രമമില്ലാതെ സേവന സന്നദ്ധനായതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് ഡോ.ആർ.വിജയമോഹനൻ പടിയിറങ്ങുന്നത്. 1985ൽ പ്രൈമറിസ്‌കൂൾ അദ്ധ്യാപകനായി സർവ്വീസിൽ പ്രവേശിച്ച വിജയമോഹനൻ സമഗ്രശിക്ഷ കേരളയുടെ ജില്ലാ മേധാവിയായാണ് വിരമിക്കുന്നത്. ജോലിനേടി 10വർഷത്തിന് ശേഷം പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനത്തിൽ (ഡയറ്റ്) ലക്ചററായി. തുടർന്ന് തിരുവനന്തപുരം, കോട്ടയം ഡയറ്റുകളിൽ സേവനമനുഷ്ഠിച്ചശേഷം വീണ്ടും സ്വന്തംതട്ടകത്തിലേക്ക് തിരികെയെത്തി 2008ലാണ് സീനിയർ ലക്ചററായത്. കേരളത്തിൽ 1994ലെ അവശ്യപഠന നിലവാരപദ്ധതി (എം.എൽ.എൽ) മുതൽ തുടർന്നുവന്ന വിവിധ വിദ്യാഭ്യാസ പദ്ധതികളുടെ പ്രവർത്തനങ്ങളിൽ മുൻനിരക്കാരനായി. 1997ൽ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി (ഡി.പി.ഇ.പി) കേരളത്തിൽ നടപ്പാക്കിയപ്പോൾ പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ അദ്ധ്യാപക പരിശീലനങ്ങളുടെ അക്കാദമിക ചുമതലയുള്ള സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗമായി. എസ്.സി.ഇ.ആർ.ടിയുടെ വിവിധ പാഠപുസ്തക, കൈപ്പുസ്തക നിർമ്മാണങ്ങളിൽ പലതവണ പങ്കാളിയായി. പ്രൈമറി പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ചുവടുപിടിച്ച് അദ്ധ്യാപക വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി (ടി.ടി.സി) ആദ്യമായി പരിഷ്‌കരിച്ചപ്പോൾ നേതൃനിരയിൽ പ്രവർത്തിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ ടീച്ചർ എഡ്യൂക്കേറ്റർമാർക്കും നൽകിയ പരിശീലനത്തിന് ചുക്കാൻ പിടിച്ചു. സംസ്ഥാനത്ത് ആദ്യമായി ഗ്രേഡിംഗ് രീതി നടപ്പാക്കിയപ്പോൾ അതിന്റെ ആശയരൂപീകരണ പ്രക്രിയയിലും പങ്കാളിയായി. 2016ആഗസ്റ്റിൽ സർവ്വശിക്ഷാ അഭിയാന്റെ ജില്ലാ പ്രോജക്ട് ഓഫീസറായി ഡെപ്യൂട്ടേഷനിൽ നിയമിതനായി. കേരളത്തിന്റെ അദ്ധ്യാപക വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിൽ ഡയറ്റുകളുടെ പങ്ക് എന്ന വിഷയത്തിൽ ഹൈദരാബാദ് യൂണിവേഴ്സിറ്റിയുടെ പി.എച്ച്.ഡി 2018ൽ ലഭിച്ചു. ഡി.പി.ഒ ആയിരിക്കമ്പോൾതന്നെ ഡയറ്റ് പ്രിൻസിപ്പലായി പ്രൊമോഷൻ ലഭിച്ചെങ്കിലും വിരമിക്കുന്ന ജൂൺ 30വരെ പ്രോജക്ട് ഓഫിസറായി തുടരാൻ സർക്കാർ അനുമതി നൽകുകയായിരുന്നു. ആലപ്പുഴ രാമപുരം വാലേൽകണ്ടത്തിൽ പരേതരായ രാഘവന്റെയും കല്യാണിയുടെയും മകനാണ്. തിരുമൂലപുരം എസ്.എൻ.വി.എസ്. ഹൈസ്‌കൂൾ അദ്ധ്യാപിക ആശാകുമാരിയാണ് ഭാര്യ. ഏകമകൻ ദീപ്ചിത്ത് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ വിദ്യാർത്ഥിയാണ്.

ധന്യമായ ജീവിതം
മൂന്നരപതിറ്റാണ്ടുകാലം സമൂഹത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ഡോ.ആർ.വിജയമോഹനൻ ഔദ്യോഗികരംഗത്ത് അമൂർത്തമായ ഉദാഹരണമാണ്. പുതിയ തലമുറകളെ വാർത്തെടുക്കുന്ന പ്രക്രീയയിൽ സജീവമായി പങ്കാളിയായതിലൂടെ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ധന്യമായി. സമൂഹത്തിനും ആ നന്ദി വിജയമോഹനനോട് ഉണ്ടാകണം.

പ്രൊഫ.സി.രവീന്ദ്രനാഥ്,

വിദ്യാഭ്യാസമന്ത്രി