മണ്ണടി: കടമ്പനാട് പഞ്ചായത്തിൽ 8-ാം വാർഡിൽ മണ്ണടി ഉടയൻകുളത്തെ കൃഷി വകുപ്പിന്റെ ഉപയോഗിക്കാത്ത കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമായി. കാർഷിക ജലസേചന മാർഗങ്ങളെ കുറിച്ചും കൃഷിരീതികളെ കുറിച്ചും കർഷകർക്ക് അവബോധം വരുത്തുവാൻ ഒരുകാലത്ത് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ താമസിച്ച് പ്രവർത്തിച്ചിരുന്ന ഓഫീസാണിത്. ലോകബാങ്ക് ധനസഹായത്താൽ 1985 ൽ കൃഷി ജലസേചന വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കിയ പദ്ധതിയാണ് കല്ലട ജലസേചന പദ്ധതിയും വൃക്ഷവിള വികസനവും (കെ.ഐ ആൻഡ് ടി.സി. ഡി.പി). ജലസേചന പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമായ പാടശേഖരങ്ങളുടെ ജലസേചനത്തിന് ഉപരി വൃക്ഷവിളകളുടെ കൃഷിയും ഉൽപ്പാദന വർദ്ധനവുമാണ് പദ്ധതി ലക്ഷ്യമിട്ടത്. പുരയിട കൃഷിയ്ക്ക് ഉപകാരപ്രദമാകുമാറ് കൃഷിയിടങ്ങളിൽ സ്ഥാപിച്ചിരുന്ന ജലനിർഗമന ഉപകരണങ്ങൾ സാമൂഹ്യവിരുദ്ധർ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്തതിനാൽ പദ്ധതി വിഭാവനം ചെയ്തപോലെ നടപ്പായില്ല. ജല ഉപയോഗ സമിതി പ്രവർത്തനം സുഗമമായി കൊണ്ടു പോകാൻ സാധിക്കാതെ വന്നതോടെ പദ്ധതി ലക്ഷ്യം കാണാതെ 2000ത്തിൽ അവസാനിപ്പിക്കേണ്ടി വന്നു. ഈ കെട്ടിടം കുറച്ചുനാളുകൾ അഗ്രോക്ലിനിക്കായി പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ആഴ്ച്ചയിൽ രണ്ട് ദിവസം മണ്ണടിയിലെ കർഷകർക്ക് ലഭിച്ചിരുന്നു. എന്നാൽ പഞ്ചായത്ത്, കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ താൽപര്യക്കുറവ് കാരണം പിന്നീട് തുടരാൻ കഴിഞ്ഞില്ല.
കർഷകർക്ക് പ്രതീക്ഷ
നവകേരള നിർമ്മാണവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ കർഷകരുടെ സഹകരണത്തോട് ജനങ്ങൾക്ക് ഉപകാരപ്രദമായ സംരംഭങ്ങൾ തുടങ്ങുവാൻ അധികൃതരുടെ ഭാഗത്തുനിന്ന് നീക്കമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.