എൻ കെ പ്രേമചന്ദ്രനെ 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പോടെ വർഗശത്രുവായി പ്രഖ്യാപിച്ചതാണ് സി.പി.എം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റെക്കാഡ് ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും സി.പി.എം നിലപാടിൽ തെല്ലും അയവ് വന്നിട്ടില്ലെന്നാണ് ചില നേതാക്കളുടെയെങ്കിലും പ്രതികരണങ്ങൾ നൽകുന്ന സൂചന.
സി.പി.എം സ്ഥാനാർത്ഥി കെ.എൻ ബാലഗോപാലുമായി നേരിട്ടുള്ള മത്സരത്തിൽ പ്രേമചന്ദ്രൻ വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ഫലം വന്നപ്പോൾ പ്രേമചന്ദ്രൻ മാത്രമല്ല, സി.പി.എമ്മും ഞെട്ടി. 1,48,856 വോട്ടിന്റെ ഭൂരിപക്ഷം. കൊല്ലത്തിന്റെ പാർലമെന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറിയ ശേഷം ആർ.എസ്.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും പ്രേമചന്ദ്രനെയും ഏത് വിധേനയും ഇല്ലാതാക്കാൻ സി.പി.എം കിണഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് ഈ വിജയം. സംഘിയെന്നും ജയിച്ചാൽ ബി.ജെ.പിയിൽ ചേക്കേറുമെന്നുമുള്ള ദുഷ്പ്രചാരണം വേറെ. എല്ലാറ്റിനെയും അവഗണിച്ച് അദ്ദേഹം ജയിച്ചുകയറിയത് ചരിത്രത്തിലേക്ക്. കേരളത്തിൽ സി.പി.എമ്മിനും കിട്ടിയത് ഒരു സീറ്റ്. നിയമസഭയിൽ പോലും പ്രാതിനിധ്യമില്ലാതിരുന്ന ആർ.എസ്.പി യെ സംബന്ധിച്ച് ഇതൊരു പകവീട്ടൽ മാത്രമല്ല, ഉയിർത്തെഴുന്നേൽപ്പിന്റെ ഊർജ്ജം കൂടിയാണ് . വിജയത്തെയും ഭാവി പ്രവർത്തനങ്ങളെയും പ്രേമചന്ദ്രൻ വിലയിരുത്തുന്നു.
ഈ ചരിത്രവിജയം പ്രതീക്ഷിച്ചോ ?
ഒരിയ്ക്കലുമില്ല, 2014 ലെയോ അല്പം കൂടിയോ ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചത്. പരമാവധി 75000 വരെ. എന്നാൽ അതിന്റെ ഇരട്ടി വരെ ഭൂരിപക്ഷം ലഭിച്ചത് അത്ഭുതപ്പെടുത്തി. യു.ഡി.എഫിന് അനുകൂലമായ തരംഗം ഉണ്ടായാലും ഇത്രയും പ്രതീക്ഷിച്ചതല്ല. എന്നാൽ ഈ ഭൂരിപക്ഷം ജനങ്ങളോട് കൂടുതൽ ഉത്തരവാദിത്വവും കടപ്പാടും പ്രകടമാക്കേണ്ടതാണെന്ന തിരിച്ചറിവാണുണ്ടാക്കുന്നത്. കൂടുതൽ ജനങ്ങൾ അർപ്പിച്ച വിശ്വാസവും പ്രതീക്ഷയും നിലനിറുത്തേണ്ട സാഹസിക ദൗത്യമാണ് എന്നിൽ നിക്ഷിപ്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനത്തിനുള്ള പ്രതിഫലമാണ് ജനങ്ങൾ നൽകിയതെന്ന് വിനയാന്വിതനായി തിരിച്ചറിയുകയാണ്.
ചരിത്ര വിജയം അഹങ്കരിപ്പിക്കുമോ ?
ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചതിൽ അഹങ്കരിക്കേണ്ടെന്നാണ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം രോഷത്തോടെ പ്രതികരിച്ചത്. എന്റെ ഇത്രയും കാലത്തെ പൊതുപ്രവർത്തനത്തിനിടെ ഒരിയ്ക്കൽ പോലും അഹങ്കാരത്തിന്റെ കണികപോലും ഉണ്ടായിട്ടില്ല. വിനയത്തോടെ മാത്രമേ പ്രവർത്തിച്ചിട്ടുള്ളു. ഇനിയും അങ്ങനെ തന്നെയായിരിക്കും. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായ ശേഷം വിമർശിക്കുന്നവരെ പുച്ഛിക്കുകയും തേജോവധം ചെയ്യുന്ന രീതിയാണ് തുടരുന്നത്. വിമർശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കുകയാണ് വേണ്ടത്. എല്ലാമറിയാമെന്ന ധാർഷ്ട്യം പൊതുപ്രവർത്തകർക്ക് ഭൂഷണമല്ല.
വ്യക്തിഹത്യയെ എങ്ങനെ നേരിട്ടു ?
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ എനിയ്ക്കെതിരെ രാഷ്ട്രീയത്തിലുപരി വ്യക്തിപരമായുണ്ടായ ആക്ഷേപങ്ങളായിരുന്നു പ്രചരണത്തിലുടനീളം. അത് മാനസികമായി വല്ലാതെ പ്രയാസപ്പെടുത്തി. സാമ്പത്തികശേഷിയുള്ള കുടുംബത്തിൽ നിന്നാണ് ഇടതുപക്ഷ ചിന്താഗതിയുള്ള രാഷ്ട്രീയ പ്രവർത്തനത്തിലേക്കെത്തിയത്. എന്നാൽ എന്നെ ബി.ജെ.പിക്കാരനായി മുദ്രകുത്താനും സംഘിയെന്ന് വിളിച്ച് ആക്ഷേപിക്കാനും നടത്തിയ ഹീനശ്രമങ്ങൾ താങ്ങാവുന്നതിനും അപ്പുറമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷക്കാലം പാർലമെന്റിലും പുറത്തും ബി.ജെ.പി ക്കെതിരെയാണ് ഞാൻ ശക്തമായി പൊരുതിയത്. എന്നെ വ്യക്തിപരമായി തകർക്കാനുള്ള സി.പി.എം ശ്രമത്തിന്റെ ഭാഗമായായിരുന്നു വ്യക്തിഹത്യ. നെഞ്ച് പൊടിയുന്ന തരത്തിലുള്ള അപവാദ പ്രചാരണങ്ങളെ ജനങ്ങളുടെ പിന്തുണയോടെയാണ് അതിജീവിച്ചത്. ജയിച്ചിട്ടും അടങ്ങുന്നില്ലല്ലോ. സ്വീകരണ യോഗങ്ങളിൽ കണ്ണൂർ മോഡൽ അക്രമങ്ങളല്ലേ ഇപ്പോൾ നടത്തുന്നത്.
ആർ.എസ് പിയുടെ ഭാവി
നിലവിൽ നിയമസഭയിൽ ആർ.എസ്.പിക്ക് പ്രാതിനിധ്യമില്ല. ഇപ്പോഴത്തെ വിജയം വരുംനാളുകളിൽ പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ്. വരുന്ന തിരഞ്ഞെടുപ്പുകളിൽ കൂടുതൽ ശക്തിയോടെ തിരിച്ചു വരാൻ അവസരമൊരുങ്ങും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി മത്സരിച്ച അഞ്ച് സീറ്റുകളിലും വിജയിക്കാനായില്ല. വളരെ ഉത്കണ്ഠയുളവാക്കുന്ന ഘട്ടത്തിലാണ് പാർലമെന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
പാർലമെന്ററി പ്രവർത്തനം
പാർലമെന്റിലും പുറത്തും കഴിഞ്ഞ അഞ്ച് വർഷം നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് കൊല്ലത്തെ ജനങ്ങൾ നൽകിയത്. ഇനിയും വലിയ ചുമതലയാണുള്ളത്. ഇ.പി.എഫ് പെൻഷൻ പദ്ധതിക്കു വേണ്ടി പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ല് ലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ് പ്രയോജനകരമായത്. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ഇത് ശരിവച്ചുവെങ്കിലും നടപ്പാക്കാൻ നടപടിയായിട്ടില്ല. വരുന്ന പാർലമെന്റിൽ ഇത് നടപ്പാക്കാനുള്ള ശക്തമായ സമ്മർദ്ദം വേണ്ടിവരും. ഇ.പി.എഫ് വിഷയം കോടതി നടപടികളിലേക്ക് പോകാൻ പാടില്ല. പെൻഷൻ ഫണ്ടിനുള്ള സാമ്പത്തിക ബാദ്ധ്യത കണ്ടെത്താൻ സർക്കാർ ശ്രമിക്കണം. തൊഴിൽ നിയമങ്ങളോട് താത്പര്യമുള്ളവരല്ല എൻ.ഡി.എ സർക്കാർ. പലനിയമങ്ങളും നടപ്പാക്കാൻ അവർ ശ്രമിക്കും. അതിനെ ചെറുക്കാനും മതേതര, ന്യൂനപക്ഷ സംരക്ഷണം അടക്കമുള്ള കാര്യങ്ങളിലും സമാന ചിന്താഗതിക്കാരുമായി ചേർന്ന് ശക്തമായ പ്രതിരോധം പാർലമെന്റിൽ തീർക്കേണ്ടി വരും. കൊല്ലം മണ്ഡലത്തിലും കഴിഞ്ഞ അഞ്ച് വർഷം നടത്തിയ പ്രവർത്തനങ്ങൾ പൂർവാധികം ശക്തമായി തുടരും. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തോട് പരമാവധി നീതിപുലർത്താൻ ശ്രമിക്കും.