svhss2

ഓച്ചിറ: ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങൾക്കും അക്ഷരവെളിച്ചം പകർന്നു നൽകിയ ക്ലാപ്പന ഷൺമുഖവിലാസം ഹയർസെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് ഒരുങ്ങുന്നു. എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലായി ആയിരത്തി എണ്ണൂറോളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ക്ഷേത്രങ്ങളോടനുബന്ധിച്ച് വിദ്യാലയങ്ങളും സ്ഥാപിക്കണമെന്ന ശ്രീനാരായണ ഗുരുദേവന്റെ അരുൾ പ്രകാരം പരിശ്ശേരിൽ ഷണ്മുഖപ്പണിക്കരാണ് 1918ൽ പരിശ്ശേരിൽ ക്ഷേത്രാങ്കണത്തിൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. പരിശ്ശേരിൽ കുമാരൻ, കൊച്ചാളത്ത് തേവി, കൊക്കാട്ട് നാരായണൻ എന്നിവർ ഇവിടുത്തെ ആദ്യകാല അദ്ധ്യാപകരായിരുന്നു. തുടർന്ന് സഥലപരിമിതികൾ മൂലം സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറുകയും ഉടമസ്ഥാവകാശം എസ്.എൻ.ഡി.പി യോഗം 182, 183, 443നമ്പർ ശാഖകൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓപ്പൺ പോർട്രെയിറ്റ് ഗാലറി സ്ഥാപിച്ചത് ഇവിടെയാണ്. പ്രഥമാദ്ധ്യാപകനായിരുന്ന പി. പ്രഭാകരൻസാറിന്റെ ഭാവനയിൽ വിരിഞ്ഞ പദ്ധതി യാഥാർത്ഥ്യമായത് 1986ലാണ്. വിവിധ മേഖലകളിൽ വ്യക്തിമുദ്രകൾ പതിപ്പിച്ചിട്ടുള്ള 300ൽപരം മഹാന്മാരുടെ ചിത്രങ്ങളും ജീവചരിതകുറിപ്പുകളും അടങ്ങുന്നതാണ് ഗാലറി. ഏറ്റവും കൂടുതൽ ചിത്രശേഖരമുള്ള ഗാലറി സ്ഥിതിചെയ്യുന്ന സ്കൂളിനുള്ള ദേശീയ ബഹുമതിയും യൂണിവേഴ്സൽ റെക്കാർഡ് ഫോറത്തിൽ നിന്ന് സ്കൂളിന് ലഭിച്ചിട്ടുണ്ട്.

1964ൽ ആർ. ശങ്കറിന്റെ നേതൃത്വത്തിലുള്ള സർക്കാറാണ് ഇവിടം ഹൈസ്കൂളാക്കി ഉയർത്തിയത്. 1998ൽ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഭജനമഠം ശ്രീനാരായണഗുരുദേവന്റെ പാദസ്പർശം കൊണ്ടും സാന്നിദ്ധ്യം കൊണ്ടും ധന്യമായതാണ്. ചരിത്ര പ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത് മടങ്ങിവരുമ്പോഴും എസ്.എൻ.ഡി.പി യോഗത്തിന്റെ

വിദ്യാഭ്യാസനിധി സമാഹരണത്തിനായും അദ്ദേഹം ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്.

പ്രഗത്ഭരായ കൊക്കാട്ട് നാരായണൻ, കൊച്ചാളത്ത് തേവി, ഗോപാലകൃഷ്ണൻ, അനിരുദ്ധൻ, പി.സി. രാജമ്മ, കേശവൻനായർ, പി. പ്രഭാകരൻ, കെ. സൗമിനി, എസ്. ഭാസ്കരൻ, എൽ. പൊന്നമ്മ, കെ. സരളാദേവി, ബി. ജയമ്മ, പി. ശ്രീലത, കെ.ജി. ഉണ്ണിയാർച്ച, എസ്. ഗിരിജ എന്നീ പ്രഥമാദ്ധ്യാപകർ സ്കൂളിന്റെ വളർച്ചക്ക് മഹത്തായ സംഭാവനകൾ നൽകിയിട്ടുള്ളവരാണ്.

കേവലമൊരു പള്ളിക്കൂടത്തിൽ നിന്ന് ക്ലാപ്പനയുടെ ഹൃദയത്തുടിപ്പായി മാറിയ സ്കൂളിൽ ശതാബ്ദിസ്മാരക മന്ദിരം പണിയുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ ചെയർമാനായും ഡോ.പി. പത്മകുമാർ ജനറൽ കൺവീനറായും സുരേഷ് കുമാർ മധുസൂദനൻ ഫിനാൻസ് കമ്മിറ്റി കൺവീനറായും ശതാബ്ദിസ്മാരക കമ്മിറ്റി രൂപികരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.