എഴുകോൺ: എഴുകോൺ കരീപ്ര പഞ്ചായത്തുകളിലായുള്ള വാളായിക്കോട്-ഇടയ്ക്കിടം ഗ്രാമീണ പാതകൾ തകർന്നിട്ട് വർഷങ്ങളാവുന്നു. വാളായിക്കോട് ക്ഷേത്രത്തിന് മുന്നിൽ നിന്ന് തുടങ്ങി തെറ്റിക്കുന്നിൽ ക്ഷേത്രത്തിന് സമീപം അവസാനിക്കുന്ന വാളായിക്കോട് ഏലാ റോഡാണ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായത്. കാർഷിക ഗ്രാമമായ വാളായിക്കോട്ടെ കർഷകർ ഗതാഗതത്തിന് ഈ റോഡിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ചെറുവാഹനങ്ങൾ കടന്ന് പോകാവുന്ന രീതിയിൽ എഴുകോൺ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സ്ഥലത്ത് പാത നിർമ്മിച്ചിട്ട് ഇരുപത് വർഷം കഴിഞ്ഞെങ്കിലും പിന്നീട് യാതൊരു നവീകരണവും ഉണ്ടായിട്ടില്ല. ഇപ്പോൾ കാൽനടയാത്രക്കാർക്ക് പോലും വഴി നടക്കാനാവാത്ത അവസ്ഥയിലാണ് ഈ റോഡ്. വാളായിക്കോട് 33 കെ.വി സബ്സ്റ്റേഷൻ റോഡിന്റെ സ്ഥിതിയും വളരെ പരിതാപകരമാണ്. അമ്പലത്തുംകാല ഗാന്ധിമുക്കിൽ നിന്ന് സബ്സ്റ്റേഷൻ വഴി വാളായിക്കോട്ടേക്ക് എത്തുന്ന റോഡിലെ വലിയ കുഴികളും കല്ലുകളും കാരണം യാത്ര ദുസഹമാണ്. എത്രയും വേഗം ഈ റോഡുകളുടെ ശോച്യാവസ്ഥ മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.