ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രശസ്ത ഉത്സവമായ ഓച്ചിറക്കളി ജൂൺ 16,17 ദിവസങ്ങളിൽ നടക്കും. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി താലൂക്കുകളിൽ നിന്നും നൂറോളം കളി ആശാന്മാരുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് യോദ്ധാക്കൾ ഓച്ചിറക്കളിയിൽ പങ്കെടുക്കും. 52കരകളിലും ആശാന്മാരുടെ നേതൃത്വത്തിൽ കളരി സംഘങ്ങൾ സജീവമായി, കളരി അഭ്യാസങ്ങളുടെയും ആയോധന മുറകളുടെയും പരിശീലനം ആരംഭിച്ചു. ഓച്ചിറക്കളിക്കായുള്ള മുന്നൊരുക്കങ്ങൾ പടനിലത്ത് ആരംഭിച്ചു. എട്ടുകണ്ടവും തകടികണ്ടവും വെള്ളം വറ്റിച്ച് ചേറ് കോരിക്കളഞ്ഞ് വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുന്നു.
മിഥുനം 1,2 തീയതികളിൽ നടക്കുന്ന ഓച്ചിറക്കളി പാരമ്പര്യവും തനിമയും നിലനിർത്തി ഭംഗിയായി നടത്തുമെന്ന് സെക്രട്ടറി അഡ്വ.കെ ഗോപിനാഥൻ അറിയിച്ചു. കളരി സംഘങ്ങളുടെയും ആശാന്മാരുടെയും രജിസ്ട്രേഷൻ പൂർത്തിയായി വരുന്നതായി സെക്രട്ടറി അറിയിച്ചു