ചിറ നീന്തൽ പരിശീലനത്തിനുള്ള കേന്ദ്രമാകും
നാടിന്റെ ജലക്ഷാമത്തിനും പരിഹാരമാകുന്നു
കൊല്ലം: കാലക്കേട് മാറി, പുത്തൂർ പഴയചിറ വീണ്ടും ജലസമൃദ്ധിയിലേക്ക്. വേനൽക്കാലത്തും വേണ്ടുവോളം വെള്ളമുള്ളതിനാൽ പ്രദേശവാസികൾക്കും വലിയ അനുഗ്രഹമായ ചിറ നീന്തൽക്കുളമായും മാറിയിട്ടുണ്ട്. കുട്ടികളും മുതിർന്നവരുമടക്കമാണ് വൈകുന്നേരങ്ങളിൽ ഇവിടെ മുങ്ങിക്കുളിക്കാനും നീന്താനുമെത്തുന്നത്. പതിറ്റാണ്ടുകളായി പായലും ചെളിയും മൂടി വിസ്മൃതിയിലേക്ക് ആണ്ടിരുന്ന ചിറ നാടിന്റെ ജലനിധിയായി മാറിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ. ഒരു വശത്തായി ആമ്പലും താമരയും കിളിർത്തിട്ടുണ്ട്.
പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടമായാണ് ചിറ നവീകരിക്കാൻ തുടക്കമിട്ടത്. ഒന്നര ഏക്കറോളം വിസ്തൃതിയുള്ള ചിറയിലെ പായലും പൊന്തയും മാലിന്യവും നീക്കം ചെയ്യുന്നത് ശ്രമകരമായ ജോലിയായിരുന്നു. മൂന്നേകാൽ ലക്ഷം രൂപ ചെലവഴിച്ചെങ്കിലും ഇത് വേണ്ടത്ര ഫലം ചെയ്തില്ല. തുടർന്ന് പഞ്ചായത്ത് 5 ലക്ഷം രൂപയുടെ ചിറ നവീകരണ പദ്ധതി തയ്യാറാക്കി. ഇതാണ് ഫലംകണ്ടത്. ജെ.സി.ബി ചിറയിൽ ഇറക്കി ചെളി പൂർണ്ണമായും കോരിമാറ്റിയാണ് വൃത്തിയാക്കിയത്. ആഴവും കൂട്ടി. ഇടിഞ്ഞ സംരക്ഷണ ഭിത്തികളും കൽപ്പടവുകളും പുനർനിർമ്മിച്ചു. സമീപത്തുകൂടിയുള്ള കനാൽതോട് സംരക്ഷിക്കുകയും ചെയ്തു. തോട്ടിൽ നിന്നുള്ള വെള്ളം ചിറയിൽ ഇറങ്ങാതെ സംരക്ഷണ ഭിത്തിയും കെട്ടി. ഇനി സമീപത്തെ പ്രീ മെട്രിക് ഹോസ്റ്റലിലെ കുട്ടികൾക്ക് ഉൾപ്പടെ നീന്തൽ പരിശീലനം നൽകാനുള്ള ഇടമാക്കി ചിറ മാറ്റുവാനാണ് ലക്ഷ്യം.
ആദ്യം ചെലവഴിച്ചത്: 3.25 ലക്ഷം
പിന്നീട് : 5 ലക്ഷം
വഴിത്തിരിവായത് കേരളകൗമുദി വാർത്ത
നാടിന് പഴയചിറയെന്ന പേര് വന്നതുപോലും ഈ ചിറയിൽ നിന്നാണ്. സംരക്ഷണമില്ലാതെ ചിറ നശിക്കുന്നത് സംബന്ധിച്ച് കേരളകൗമുദി പലതവണ വാർത്ത പ്രസിദ്ധീകരിച്ചു. നാട്ടിൽ വലിയ ചർച്ചയ്ക്ക് വഴിമരുന്നിടാനും ചിറയുടെ സംരക്ഷണ പദ്ധതികൾക്ക് തുടക്കമിടുവാനും വാർത്ത ഉപകരിച്ചു. മാർച്ച് 29ന് 'പുത്തൂർ പഴയചിറ ഇനി നാടിന്റെ ജലനിധിയാകും' എന്ന തലക്കെട്ടിൽ തുടർ വാർത്തയും കേരളകൗമുദി പ്രസിദ്ധീകരിച്ചു. നാശത്തിൽ നിന്ന് ചിറയ്ക്ക് ഉയിർത്തെഴുന്നേൽപ്പ് ലഭിച്ചതിൽ കേരളകൗമുദി വാർത്തയ്ക്കും വലിയ പങ്കുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.