1
എഴുകോൺ റയിൽവേ സ്റ്റേഷൻ

എഴുകോൺ: എഴുകോൺ റെയിൽവേ സ്റ്റേഷനിൽ പ്ളാറ്റ്ഫോമിന്റെ ഉയരം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഇനിയും നടപടിയില്ല. സ്റ്റേഷനിൽ മറ്റ് നവീകരണങ്ങൾ നടത്തിയെങ്കിലും യാത്രക്കാരുടെ ദീർഘനാളായുള്ള ഈ ആവശ്യത്തോട് മാത്രം അധികൃതർ ചുവപ്പുകൊടി വീശുകയാണ്. കൊല്ലം-പുനലൂർ പാത ബ്രോഡ്ഗേജായി ഉയർത്തിയ നാൾ മുതൽ പ്ളാറ്റ്ഫോമിന്റെ ഉയരം വർദ്ധിപ്പിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. ഉയരം കുറവായത്തിനാൽ ട്രെയിനിൽ കയറുന്നതിന് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. കുട്ടികളും പ്രായമായവരും രോഗികളുമാണ് ഏറെ ക്ളേശം സഹിക്കുന്നത്.

കൂടാതെ ബോഗികൾക്ക് അനുസൃതമായി പ്ലാറ്റ്ഫോമിന് നീളം ഇല്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു. നീളം കൂടിയ ട്രെയിനുകളുടെ മുന്നിലേയും പിന്നിലേയും ബോഗികൾ പ്ലാറ്റ്ഫോമിന് വെളിയിലായാണ് നിൽക്കുന്നത്. ചാറ്റൽ മഴയത്ത് പോലും പ്ലാറ്റ്ഫോമിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. റെയിൽവേ സ്റ്റേഷന്റെ പരിസരവും ട്രാക്കിന്റെ വശങ്ങളും കാടുപിടിച്ചു. ഇവ പരിഹരിക്കുന്നതിനും നടപടി ഉണ്ടായിട്ടില്ല. നാല് പഞ്ചായത്തിൽ നിന്നുള്ള യാത്രക്കാരാണ് സ്റ്റേഷനെ ആശ്രയിക്കുന്നത്. ഇവർക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നും പ്രശ്ന പരിഹാരത്തിന് അധികൃതർ ഇടപെടണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.