കൊല്ലം: നഗരത്തിലെ മാലിന്യ നിർമ്മാർജ്ജനത്തിനായി നഗരസഭ മുന്നിട്ടിറങ്ങിയിട്ടും പല പ്രദേശങ്ങളും മാലിന്യ കൂമ്പാരമാകുന്നു. സ്‌കൂൾ തുറക്കലും മഴക്കാലവും വരുന്നതോടെ നഗരം വൃത്തിയാക്കാൻ കൂടുതൽ ശുചീകരണ തൊഴിലാളികളെ ചുമതലപ്പെടുത്താൻ ഒരുങ്ങുകയാണ് അധികൃതർ.
എസ്.എൻ കോളേജിന് എതിർവശത്തായി മാലിന്യ നിക്ഷേപം കൂടിയതോടെ ദുർഗന്ധവും അസഹനീയമാവുകയാണ്. കൊല്ലം ബീച്ചിലേക്കുള്ള റോഡ്, പള്ളിത്തോട്ടം എന്നിവിടങ്ങളിൽ പ്ലാസ്‌റ്റിക് ചാക്കിൽ കെട്ടിയ നിലയിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. മതിൽ കെട്ടി തിരിച്ച പുരയിടങ്ങളിലും കവറുകളിലും മറ്റുമായി മാലിന്യം വലിച്ചെറിയുന്നതും പതിവാകുകയാണ്.
പല പ്രദേശങ്ങളിലും പ്രശ്‌നം രൂക്ഷമായതോടെ നാട്ടുകാർ സി.സി.ടി.വി കാമറ ഉൾപ്പെടെ സജ്ജീകരിച്ചിരുന്നു. എന്നാൽ രാത്രി കാലങ്ങളിലുള്ള മാലിന്യ നിക്ഷേപം മാറ്റമില്ലാതെ തുടരുകയാണ്. സ്വന്തം വീട്ടിലെ മാലിന്യം സ്വയം സംസ്കരിക്കാൻ തയ്യാറാകാത്ത പൊതുജനങ്ങളാണ് നഗരത്തിന്റെ ഈ ദുഃസ്ഥിതിക്ക് കാരണം.
നൂറ് രൂപയ്ക്ക് എയ്റോബിക് ബിൻ
കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്കായി 100 രൂപയ്ക്ക് എയ്റോബിക് ബിന്നുകൾ നൽകുന്നുണ്ട്. രണ്ടായിരം രൂപ വരെ വിലയുള്ളവയാണ് ഇത്രയും കുറഞ്ഞ ചിലവിൽ കോർപ്പറേഷൻ നൽകുന്നത്. എന്നിട്ടും ഇവ വാങ്ങാൻ ആളുകൾ താത്പര്യം കാട്ടുന്നില്ല. കോർപ്പറേഷൻ പരിധിയിലുള്ള വാർഡുകളിൽ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് പല തവണ ബോധവത്കരണം നടത്തിയിട്ടും കാര്യമായ ഫലമുണ്ടാകുന്നില്ല.
കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും തുമ്പൂർമൂഴി കമ്പോസ്‌റ്റുകൾ സ്ഥാപിക്കാനുള്ള ഫണ്ട് കോർപ്പറേഷൻ വകയിരുത്തിയിട്ടുണ്ട്. ഇതിനായുള്ള സ്ഥല ലഭ്യതക്കുറവാണ് പ്രശ്‌നം. കൂടാതെ ഓരോ വാർഡുകളിലായി പ്ലാസ്‌റ്റിക് മാലിന്യം ശേഖരിക്കാൻ ഹരിതകർമ്മസേനയെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവർക്ക് നൽകേണ്ട 60 രൂപ ഫീസ് നൽകാൻ പലരും തയ്യാറാകാത്തതായും പരാതികളുണ്ട്.
'കുരീപ്പുഴ ചണ്ടി ഡിപ്പോ പ്രവർത്തന ക്ഷമമാകുന്നതോടെ മാത്രമേ മാലിന്യ സംസ്‌കരണം പൂർണ സ്ഥിതിയിലാക്കാൻ സാധിക്കുകയുള്ളുവെന്നാണ് വിലയിരുത്തൽ. ഇതിനുള്ള അവസാനഘട്ട നടപടികൾ ഉടൻ പൂർത്തിയാകും. എന്നാൽ ജനങ്ങളുടെ സഹകരണമാണ് പരമപ്രധാനം"
വിജയാ ഫ്രാൻസിസ്, ഡെപ്യൂട്ടി മേയർ