കൊല്ലം: മണൽപ്പരപ്പിലേക്ക് നടന്നിറങ്ങാൻ പടിക്കെട്ടുകളും ചുവരുകളിൽ ശില്പങ്ങളുമായി താന്നി ബീച്ച് കൂടുതൽ സുന്ദരിയാകുന്നു. റോഡിനപ്പുറമുള്ള കായൽ തീരത്ത് ബോട്ടിംഗ് അടക്കമുള്ള വിനോദ സംവിധാനങ്ങളും ഉടൻ ഒരുങ്ങും. താന്നിയിൽ രണ്ട് പുലിമുട്ടുകൾക്കിടയിൽ ആണ്ടുകൾക്ക് മുമ്പേ രൂപപ്പെട്ട വിശാലമായ മണൽത്തിട്ടയുടെ ടൂറിസം സാദ്ധ്യത അധികൃതർ കണ്ട ലക്ഷണം പോലും കാണിച്ചിരുന്നില്ല. എന്നാൽ നാട്ടുകാർ കലിയിളകാത്ത ഈ തീരത്തെത്തി കടലിന്റെ ഭംഗി ആസ്വദിച്ച് തുടങ്ങി. ആദ്യമൊക്കെ അവധിദിനങ്ങളിൽ മാത്രമായിരുന്നു ആൾത്തിരക്ക്. ഇപ്പോൾ സന്ദർശകരുടെ എണ്ണത്തിൽ കൊല്ലം ബീച്ചിനെപ്പോലും വെല്ലുന്ന സ്ഥിതിയിയായപ്പോഴാണ് അധികൃതർ കണ്ണുതുറന്നത്.
ബീച്ചിന്റെ സൗന്ദര്യവത്കരണത്തിനായി ടൂറിസം വകുപ്പ് അനുവദിച്ച 68.5 ലക്ഷം രൂപ വിനിയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. കടൽത്തീരത്തെ സൗന്ദര്യവത്കരണമാണ് ഇപ്പോൾ നടക്കുന്നത്. തൊട്ടപ്പുറത്ത് കായൽക്കരയിൽ പരവൂർ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടം ബലപ്പെടുത്തി ലഘുഭക്ഷണശാലയും ശുചിമുറിയും ഇൻഫർമേഷൻ സെന്ററും ഉടൻ തുറക്കും. വൈകാതെ കായലിലൂടെ ബോട്ടിംഗും തുടങ്ങും. രണ്ട് മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് നവീകരണ ചുമതല.
ലൈഫ് ഗാർഡുകളില്ല
പുലർച്ചെ മുതൽ സന്ധ്യ വരെ നൂറ് കണക്കിന് പേരെത്തുന്ന ഇവിടെ ലൈഫ് ഗാർഡുമാരുടെ സേവനമില്ല. ഈ ഭാഗത്ത് കടൽ പൊതുവേ ശാന്തമായതിനാലാണ് അപകടങ്ങളുണ്ടാകാതിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ സ്ഥിരമായി തീരത്തുള്ളതുകൊണ്ടാണ് ഇടയ്ക്കൊക്കെ തിരയിൽപ്പെടുന്നവരുടെ ജീവൻ നഷ്ടമാകാതിരിക്കുന്നത്.
സന്ധ്യമയങ്ങിയാൽ വെളിച്ചമില്ല
നൂറുകണക്കിന് പേർ എത്തുന്ന ഇവിടെ സന്ധ്യമയങ്ങിയാൽ കുറ്റാക്കുറ്റിരുട്ടാണ്. ബീച്ചിൽ വെളിച്ചമില്ലെന്ന് മാത്രമല്ല തൊട്ടുമുന്നിലൂടെ കടന്നുപോകുന്ന റോഡിലും തെരുവ് വിളക്കുകളില്ല. കൊല്ലം ബീച്ചിൽ രാത്രി പത്ത് വരെ ആളുകൾ തമ്പടിക്കുമ്പോൾ താന്നി ബീച്ചിലെത്തുന്നവർ വെളിച്ചമില്ലാത്തതിനാൽ നേരം ഇരുട്ടിത്തുടങ്ങുമ്പോൾ തന്നെ മടങ്ങുകയാണ്. ടൂറിസം വകുപ്പിന്റെ സൗന്ദര്യവത്കരണ പദ്ധതിയിലും ലൈറ്റ് സ്ഥാപിക്കാൻ പണം നീക്കിവച്ചിട്ടില്ല.
'' കായൽതീരം കൂടി വികസിപ്പിക്കുന്നതോടെ ഇവിടെ കൂടുതൽ വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങും. ഇവിടെ വെളിച്ചം ഒരുക്കാൻ മയ്യനാട് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് സൗന്ദര്യവത്കരണ പദ്ധതിയിൽ തെരുവ് വിളക്കുകൾ ഉൾപ്പെടുത്താതിരുന്നത്.''
സന്തോഷ് (ഡി.ടിപി.സി സെക്രട്ടറി)
ബീച്ചിന്റെ നീളം 300 മീറ്റർ
68.5 ലക്ഷം രൂപയുടെ നവീകരണം