കൊല്ലം: തിരഞ്ഞെടുപ്പ് ഫണ്ട് മോഷ്ടിച്ചെന്ന് പറഞ്ഞ് രാജ് മോഹൻ ഉണ്ണിത്താൻ തനിക്കെതിരെ നൽകിയ പരാതി വ്യാജമാണെന്ന് കോൺഗ്രസ് കുണ്ടറ ബ്ലോക്ക് മുൻ ജന.സെക്രട്ടറി പൃഥ്വിരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ നിരപരാധിയാണെന്ന് തെളിഞ്ഞാൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി സ്ഥാനം രാജിവയ്ക്കമോയെന്നും പൃഥ്വിരാജ് ചോദിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ണിത്താൻ കുണ്ടറയിൽ മത്സരിക്കുമ്പോഴാണ് പരിചയപ്പെടുന്നത്. പിന്നീട് നല്ല ബന്ധത്തിലായിരുന്നു. ഉണ്ണിത്താനെ കാസർകോട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ദിവസം ഒപ്പമുണ്ടായിരുന്നു. പ്രചാരണത്തിനുള്ള ആദ്യ തുകയായി പത്ത് ലക്ഷം രൂപ കടമായി തന്നോടാവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ അഞ്ച് ലക്ഷം രൂപ നൽകി. തങ്ങളൊരുമിച്ചാണ് കാസർകോട്ടേക്ക് പോയത്. തിരഞ്ഞെടുപ്പ് ഫണ്ട് ലഭിച്ചു തുടങ്ങിയപ്പോൾ താൻ കടമായി നൽകിയ തുക തിരികെ ചോദിച്ചു. അപ്പോൾ ഉണ്ണിത്താനും സഹോദരനും ചേർന്ന് അപമാനിക്കുകയും സംഭാവനയായി കിട്ടിയ തുക താൻ മോഷ്ടിച്ചെന്നാരോപിച്ച് കേസ് കൊടുക്കുകയുമായിരുന്നു.
ഏപ്രിൽ അഞ്ചിന് നാട്ടിൽ തിരികെയെത്തിയ ശേഷം പണം തിരികെ കിട്ടാനായി ഫോണിൽ വിളിച്ചെങ്കിലും തന്റെ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയായായിരുന്നു. തുടർന്ന് ഭാര്യയുടെ ഫോണിൽ നിന്ന് വിളിച്ച് ക്ഷുഭിതനായി സംസാരിച്ചു. ഇത് സംബന്ധിച്ച് ഭാര്യ രമാദേവി കൊട്ടാരക്കര റൂറൽ എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പരാതി നൽകിയിട്ടുണ്ട്.