photo
കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം ജാനകി അമ്മയ്ക്ക് നിർമ്മിച്ച് നൽകിയ വീട്

കൊട്ടാരക്കര: പ്രവാസികളുടെ കരുണയിൽ വയോധികയ്ക്ക് അന്തിയുറങ്ങാൻ കൂരയൊരുങ്ങി. കൊട്ടാരക്കര മൈലം കാവിള പുത്തൻവീട്ടിൽ ജാനകി അമ്മയ്ക്കാണ് (70) കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം പ്രവർത്തകർ വീട് നിർമ്മിച്ച് നൽകിയത്. രണ്ട് മക്കളാണ് ജാനകി അമ്മയ്ക്കുള്ളത്. മകളെ വിവാഹം കഴിപ്പിച്ചയച്ചു. മകൻ വർഷങ്ങളായി ചെന്നൈയിലാണ്. ഭർത്താവിന്റെ മരണത്തോടെ തീർത്തും ഒറ്റപ്പെട്ട് കഴിയുകയായിരുന്നു ജാനകി അമ്മ. ഇടി‌ഞ്ഞുവീഴാറായ ചെറിയൊരു കൂരയിലാണ് അന്തിയുറങ്ങിയിരുന്നത്. ഒറ്റമുറി മൺവീടിന്റെ മേൽക്കൂരയിൽ പ്ളാസ്റ്റിക് ഷീറ്റ് വിരിച്ചാണ് മഴവെള്ളം വീഴാതെ ഇത്രനാളും കഴിഞ്ഞത്. കൂരയ്ക്ക് ഊന്നുകൊടുത്തിരുന്ന മരക്കൊമ്പുകളും ഇളകി വീഴുന്ന അവസ്ഥയിലായിരുന്നു. ജാനകി അമ്മയുടെ നിസഹായാവസ്ഥ പൊതുപ്രവർത്തകനായ സോബിൻ മൈലം വഴിയാണ് കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. പഴയ കൂര നിന്നിടത്ത് പ്രവാസി സമാജം ചെറിയ വീട് നിർമ്മിച്ചു. എല്ലാ മാസവും ജാനകി അമ്മയ്ക്കുള്ള ആഹാരവും മറ്റ് സാധനങ്ങളും വീട്ടിലെത്തിക്കാനും സംവിധാനമുണ്ടാക്കി.ഇന്ന് രാവിലെ 11.30ന് ജാനകി അമ്മയ്ക്ക് വീടിന്റെ താക്കോൽ കൈമാറും. പിന്നണി ഗായിക അനിത ഷെയ്ഖ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.