തൊടിയൂർ: റെയിൽവേ ലവൽ ക്രോസിംഗുകളിലൂടെയുള്ള ഇരുചക്രവാഹനങ്ങളുടെ യാത്ര അപകട ഭീഷണി ഉയർത്തുന്നു. ലവൽ ക്രോസിംഗുകളിലെ പാതയിൽ ഇളക്കിയിട്ട മെറ്റലും ഉയർന്നു നിൽക്കുന്ന പാളവുമാണ് അപകടക്കെണിയാകുന്നത്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് തെക്ക് മാരാരിത്തോട്ടം ചാമ്പക്കടവ് റോഡ് ആരംഭിക്കുന്നിടത്തെ മിടുക്കൻമുക്ക് ലെവൽ ക്രോസിംഗിലും ഇതിന് തൊട്ടു തെക്ക് വശത്തെ മാരാരിത്തോട്ടം ക്ഷേത്രത്തിന് വടക്കുഭാഗത്തെ ലെവൽ ക്രോസിംഗിലുമാണ് അപകടം പതിയിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ഈ ഭാഗങ്ങളിൽ പണി നടത്തുമ്പോൾ നിലവിലുണ്ടായിരുന്ന ടാറിംഗ് ഇളകിപ്പോയിരുന്നു. അതിനു ശേഷമാണ് മെറ്റൽ നിരത്തിയിട്ടത്. ഈ അപകട മേഖലകൾ എത്രയും വേഗം ടാർ ചെയ്ത് സുഗമമായ സഞ്ചാരം ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കുട്ടികളുമായി യാത്ര ചെയ്യുന്നത് അപകടം
റെയിൽവേ ലവൽ ക്രോസിംഗുകളിൽ ഇളകികിടക്കുന്ന മെറ്റലും ഉയർന്നു നിൽക്കുന്ന പാളവും മറികടക്കാൻ ഇരുചക്രവാഹനയാത്രക്കാർ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. കുട്ടികളുമായി യാത്ര ചെയ്യുന്ന സ്ത്രീകളാണ് ഏറെ കഷ്ടപ്പെടുന്നത്. ഇവിടെ അപകടങ്ങളുണ്ടാകുന്നത് പതിവാണ്.