പുത്തൂർ : വെണ്ടാർ എറണാകുളം ജംഗ്ഷനിൽ നിന്ന് ഗുരുമന്ദിരത്തിന് സമീപം വരെയുള്ള റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നത് ഒച്ചിഴയുന്ന വേഗത്തിൽ. ചില ഭാഗങ്ങളിലെ ഓട, കലുങ്കുകൾ, സംരക്ഷണ ഭിത്തി എന്നിവ നിർമ്മിച്ചതൊഴിച്ചാൽ മറ്റ് നിർമ്മാണപ്രവർത്തനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. മണ്ണ്മാന്തിയന്ത്രം ഉപയോഗിച്ച് റോഡ് മാന്തിക്കുഴിച്ചതിനു ശേഷം മെറ്റലുകൾ നിരത്തിയിട്ടിരിക്കുകയാണ്. വല്ലപ്പോഴും ജോലിക്കാർ വന്ന് എന്തെങ്കിലും ചെയ്ത് മടങ്ങിപ്പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇപ്പോൾ ആഴ്ചകളായി റോഡ് പണിയുമായി ബന്ധപ്പെട്ട് ആരും പ്രദേശത്തേക്ക് തിരിഞ്ഞുനോക്കാറുപോലുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിന് വശങ്ങളിലുള്ള വീടുകൾ റോഡിലെ പൊടിശല്യം മൂലം ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
പ്രശ്നമായി ടെലിഫോൺ തൂൺ
സ്‌കൂൾ ജംഗ്ഷന് സമീപം റോഡിന് വീതി കൂട്ടി മെറ്റൽ നിരത്തിയിട്ടുണ്ട്. എന്നാൽ റോഡിന് മദ്ധ്യഭാഗത്തായി നിൽക്കുന്ന പഴയ ടെലിഫോൺ തൂൺ നീക്കം ചെയ്തില്ല. വള്ളിപ്പടർപ്പുകൾ പടർന്ന് കയറി മൂടിക്കിടക്കുന്ന തൂണ് പലപ്പോഴും യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല. സ്‌കൂൾ തുറക്കുമ്പോൾ ആയിരക്കണക്കിന് വിദ്യാർത്ഥികളും നിരവധി അദ്ധ്യാപകരും സ്‌കൂൾ ബസിലും അല്ലാതെയും ഇതുവഴിയാണ് കടന്നു പോകുന്നത്. ഇത് വലിയ അപകട സാദ്ധ്യതയാണുണ്ടാക്കുന്നത്. ഇവിടത്തെ സംരക്ഷണ ഭിത്തി നിർമ്മാണത്തിൽ അപാകതയുണ്ടെന്ന ആരോപണവുമുണ്ട്.
യാത്രക്കാർ വലയുന്നു
പൊതുവേ തകർന്ന് കിടക്കുന്ന റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണ് യാത്രക്കാർക്കുണ്ടാക്കുന്നത്. ബസ് സർവീസില്ലാത്ത ഇവിടെ സ്വകാര്യ വാഹനങ്ങളും വാടക വാഹനങ്ങളുമാണ് നാട്ടുകാർക്ക് ആശ്രയമായുള്ളത്. എന്നാൽ റോഡിന്റെ ശോചനീയാവസ്ഥയും നിർമ്മാണ പ്രവർത്തനങ്ങളിലെ താമസവും കാരണം വാടക വാഹനങ്ങൾ ഇതുവഴി വരാൻ വിസമ്മതിക്കുന്നത് പതിവാണ്. മെറ്റലുകളിൽ കയറി ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് അപകടമുണ്ടാവുന്നതും പതിവ് സംഭവമാണ്.
1 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം ആരംഭിച്ചത്