school-vipani
കൊല്ലം ചിന്നക്കടയിലെ സ്കൂൾ വിപണി

കൊല്ലം: അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ജില്ലയിൽ സ്കൂൾ വിപണികൾ സജീവമായി. പെരുന്നാളിന്റെ തിരക്കുകൾ ഒരു വശത്ത് മുറുകുമ്പോൾ, സ്‌കൂളിൽ പോകാനുള്ള ആവേശത്തിലാണ് കുട്ടികൾ. എല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്ന കടകളിലാണ് തിരക്ക് ഏറെയും. സ്‌കുൾ ബാഗുകൾ വാങ്ങുന്നവർക്ക് സൗജന്യമായി കുടകൾ നൽകുന്നത് ഉൾപ്പെടെയുള്ള ഓഫറുകളുമുണ്ട്. വിവിധ കമ്പനികളുടെ നോട്ടുബുക്കുകൾ,​ പേനകൾ,​ യൂണിഫോമുകൾ ഇവയെല്ലാം പെട്ടെന്നുതന്നെ വിറ്റുതീരുകയാണ്. മൂന്നുറു രൂപ മുതൽ വിലയുള്ള വിവിധ തരം ബാഗുകൾ,​ പ്രമുഖ ബ്രാൻഡുകളുടെ കുടകൾ എന്നിവയും ഞൊടിയിടയിൽ വിറ്റുപോവുകയാണ്. മറ്റൊരു പ്രത്യേകത അറുന്നൂറു രൂപ മുതൽ വില വരുന്ന കോമ്പോ പാക്കുകളുടെ വിതരണമാണ്. ഒരു വിദ്യാർത്ഥിക്ക് ആവശ്യമായ ബാഗ് ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ ഉൾപ്പെടുത്തി നൽകുകയാണ് ഇതിലൂടെ. തിരക്കുകൾക്കിടയിൽ പല പഠനോപകരണങ്ങളും തിരഞ്ഞെടുക്കാൻ മറന്നുപോകുന്നവർക്ക് ഒരു ബോണസാണ് ഈ സേവനം.

അതേസമയം സ്വകാര്യ കമ്പനികളുടെ ചൂഷണവും വിപണിയിലെ വിലക്കയറ്റവും നിയന്ത്രിക്കാൻ കൺസ്യൂമർഫെഡ് ആരംഭിച്ച സ്‌കൂൾ വിപണികളിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഈ വിപണി ജൂൺ 30 വരെ സജീവമായിരിക്കും. പെരുന്നാളും സ്‌കൂൾ തുറക്കുന്ന സമയവും അടക്കുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്കും കൂടുന്നുണ്ട്. പലയിടത്തും പാർക്കിംഗ് പ്രശ്‌നങ്ങളാണ് തലവേദനയുണ്ടാകുന്നത്. ഓപ്പറേഷൻ ഈസിവാക്ക് നടപടികൾ മൂലം നടപ്പാതകൾ കാൽനടയാത്രക്കാർക്ക് ഈസി വേയായിട്ടുണ്ട്.