കൊല്ലം ഗവ. വനിതാ ഐ.ടി.ഐയ്‌ക്ക് മൂന്നാം സ്ഥാനം
കൊല്ലം: കലാപ്രതിഭകളുടെ സർഗപ്രകടനങ്ങളോടെ ഇന്റർ ഐ.ടി.ഐ കലോത്സവം കുണ്ടറയിൽ സമാപിച്ചു. 38 പോയിന്റോടെ കണ്ണൂർ ഗവ.ഐ.ടി.ഐ ജേതാക്കളായി. 26 പോയിന്റോടെ മലമ്പുഴ ഗവ.ഐ.ടി.ഐ രണ്ടാം സ്ഥാനവും 20 പോയിന്റോടെ കൊല്ലം വനിതാ ഐ.ടി.ഐ മൂന്നാം സ്ഥാനവും നേടി.
പദ്യം ചൊല്ലൽ, ശാസ്ത്രീയ സംഗീതം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ഗവ. വനിതാ ഐ.ടി.ഐ യിലെ എം. മമിത കലാതിലകമായി. ഉപന്യാസ രചനയിൽ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് പ്രസംഗത്തിൽ രണ്ടാം സ്ഥാനവും നേടിയ കോഴിക്കോട് ഗവ.ഐ.ടി.ഐയിലെ ജി.എസ്.ജിതിനും പെൻസിൽ ഡ്രോയിംഗിൽ ഒന്നാം സ്ഥാനവും പെയിന്റിംഗിൽ രണ്ടാം സ്ഥാനവും നേടിയ ചടയമംഗലം ഗവ.ഐ.ടി.ഐയിലെ എസ്.അനന്ദുലാലുമാണ് കലാ പ്രതിഭകൾ.
സമാപന സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയർമാൻ എസ്.എൽ. സജികുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.ടി.ഐ കൗൺസിൽ ജനറൽ സെക്രട്ടറി നന്ദുലാൽ, ഇന്റർ ഐ.ടി.ഐ ചെയർപേഴ്സൺ സൽമ സുലൈമാൻ, ഇന്റർ ഐ.ടി.ഐ കൗൺസിൽ അഡ്വൈസർ സജിമോൻ തോമസ്, ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐ പി.ടി.എ പ്രസിഡന്റ് എസ്. സുരേഷ് കുമാർ, വൈസ് പ്രിസിപ്പൽ വി. രജനി,പ്രോഗ്രാം കമ്മിറ്റി കൺവീനർ എച്ച്.ഖലീലുദ്ദീൻ, ആർ. വിജയകുമാർ, ആദർശ് എം. സജി, ചന്ദനത്തോപ്പ് ഐ.ടി.ഐ പ്രിൻസിപ്പൽ ഡി. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറമാണ് ഇന്റർ ഐ.ടി.ഐ കലോത്സവത്തിന് കുണ്ടറ വേദിയായത്.