photo
മെരിറ്റ് അവാർഡ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി പറഞ്ഞു. അയണിവേലിക്കുളങ്ങര തെക്ക് ചെമ്പകശ്ശേരിക്കടവ് നഗർ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച മെരിറ്റ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സമൂഹത്തിൽ പാവപ്പെട്ടവരുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നത്. പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതികൾ കാര്യക്ഷമമായി സർക്കാർ നടപ്പാക്കുകയാണ്. ഇതിന്റെ ഗുണമേന്മയാണ് കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടൂ പരീക്ഷകളിലെ വിജയം വ്യക്തമാക്കുന്നത്. കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ച് പഠിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാകണമെന്നും സി. രാധാമണി ആവശ്യപ്പെട്ടു. അസോസിയേഷനിലെ ഏറ്റവും മുതിർന്ന അംഗമായ കല്യാണി അമ്മയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. മെരിറ്ര് അവാർഡുകൾ നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ളയും പഠനോപകരണങ്ങൾ ഡിവിഷൻ കൗൺസിലർ പ്രീതീ രമേശും വിതരണം ചെയ്തു. പ്രസിഡന്റ് ആർ. രവി അദ്ധ്യക്ഷത വഹിച്ചു. ജെ. സോമൻ, പി. ഗോപി. മനു ജോർജ്ജ്, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ബോധവൽക്കരണ ക്ലാസിന് സജികുമാർ പവിത്രം നേതൃത്വം നൽകി.