പത്തനാപുരം ; വെറ്റിലക്കൃഷി നടത്തുന്ന കർഷകർക്ക് കണ്ണീർക്കാലം. തെക്കൻ ജില്ലകളിലെ വെറ്റില കർഷകരാണ് വിലത്തകർച്ച മൂലം ബുദ്ധിമുട്ടുന്നത്. ഭൂരിപക്ഷം കർഷകരും വെറ്റിലയുടെ വിലയിടിവിനെ തുടർന്ന് കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. ആറ് മാസം മുമ്പ് ഒരു കെട്ട് വെറ്റിലയ്ക്ക് 220 മുതൽ 240 രൂപ വരെ വില കർഷകന് ലഭിച്ചിരുന്നു. എന്നാൽ നിലവിൽ ഒരു കെട്ട് വെറ്റിലയ്ക്ക് 8 രൂപയായി വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. കടം വാങ്ങിയും വായ്പ എടുത്തുമാണ് മിക്ക കർഷകരും വെറ്റിലക്കൃഷി നടത്തി വരുന്നത്. കാലാവസ്ഥ ചതിച്ചതും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വെറ്റിലയുടെ ഇറക്കുമതി കൂടിയതുമാണ് കർഷകർക്ക് വിനയായത്. കൂടാതെ ഇടനിലക്കാരുടെ കടുത്ത ചൂഷണവും കർഷകരെ വലയ്ക്കുന്നുണ്ട്. വെറ്റിലയ്ക്ക് താങ്ങുവില ഏർപ്പെടുത്താനായി സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.