കൊല്ലം: തൊഴിൽ ലഭ്യത വർദ്ധിപ്പിക്കാൻ പുതിയ നയങ്ങളാണ് ആവശ്യമെന്ന് മന്ത്രി രാജു പറഞ്ഞു. ഡോ.ബി.ആർ. അംബേദ്ക്കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാർഷികോത്പാദന വളർച്ചയുടെ വേഗത കൂട്ടുക വഴിയും തൊഴിലില്ലായ്മ വർദ്ധിക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ കഴിയും. സ്വതന്ത്ര സമ്പദ്‌വ്യവസ്ഥയുടെ വികസനം അനിവാര്യമാകണമെന്നും മന്ത്രി പറഞ്ഞു. നാഷണൽ സ്‌പോർട്‌സ് മിഷൻ ദേശീയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട നെടുമൺകാവ് ഗോപാലകൃഷ്ണനെ മന്ത്രി പൊന്നാട അണിയിച്ചു. കായിക മേഖലയ്ക്ക് ഉണർവ്വേകാൻ കഴിയുന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കാൻ കഴിയുമെന്ന് ദേശീയ ചെയർമാൻ നെടുമൺകാവ് ഗോപാലകൃഷ്ണൻ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കായികതാരങ്ങളെ കണ്ടെത്തി അവരെ സഹായിക്കുന്ന പദ്ധതിക്ക് രൂപം നൽകും. ഡോ.ബി.ആർ. അംബേദ്ക്കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് പന്മന തുളസി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിവരാജൻ കണ്ടത്തിൽ, ജില്ലാ ജനറൽ സെക്രട്ടറി സുഭാഷ് ഇടയ്ക്കിടം, പ്രതാപൻ കുണ്ടറ ,പ്രൊഫ.പി. സോമരാജൻ, അയത്തിൽ സുദർശനൻ, ലതാപിള്ള, ഉളിയക്കോവിൽ ദിവാകരൻ എന്നിവർ സംസാരിച്ചു.