കരുനാഗപ്പള്ളി : ചരിത്രത്തിന്റെ ഇന്നലകളെക്കുറിച്ച് മനസിലാക്കാതെ പുതിയ തറമുറയ്ക്ക് മുന്നോട്ട് പോകാനാകില്ലെന്ന് എ.എം. ആരിഫ് എം.പി പറഞ്ഞു. പത്ര പ്രവർത്തകനും നവോത്ഥാന നായകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ഡോ. വി.വി. വേലുക്കുട്ടി അരയന്റെ അമ്പതാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരോഗമനത്തിൽ നിന്ന് പിറകോട്ട് നടക്കാൻ പ്രേരിപ്പിച്ചവരുടെ ചരിത്രം നിർബന്ധപൂർവം പഠിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഗാന്ധിജിക്കു പകരം പുതിയ ഒരു രാഷ്ട്രപിതാവ് കടന്നു വന്നാലും അത്ഭുതപ്പെടേണ്ടതില്ല. വോട്ടു ബാങ്കിന്റെ തടവറകളിൽ ശരിയെന്ന് തോന്നുന്നത് പറയാൻ ധൈര്യമില്ലാത്തവരായി സമൂഹം മാറുകയാണ്. ചരിത്രത്തിനൊപ്പം നടക്കുക മാത്രമല്ല, ചരിത്രം സൃഷ്ടിക്കുക കൂടി ചെയ്ത വ്യക്തിത്വമായിരുന്നു ഡോ. വേലുക്കുട്ടി അരയന്റേതെന്ന് അദ്ദേഹം വ്യക്തമാക്കി. ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ആർ. മഹേഷ് മുഖ്യാതിഥിയായി. ഡോ. വള്ളിക്കാവ് മോഹൻ ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. അനിൽ നാഗേന്ദ്രൻ, പി.കെ. ബാലചന്ദ്രൻ, അഡ്വ. വി.വി. ശശീന്ദ്രൻ, എൻ. അജയകുമാർ, മത്സ്യഫെഡ് ഡയറക്ടർ ജി. രാജദാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സെലീന, ഡി.ചിദംബരൻ, ബി . പ്രിയകുമാർ, ഷെർളി ശ്രീകുമാർ, ബി. വേണു, എസ്. അനിൽകുമാർ, എം. സുഗതൻ തുടങ്ങിയവർ സംസാരിച്ചു. വേലുക്കുട്ടിഅരയന്റെ വസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. വേലുക്കുട്ടി അരയന്റെ കാലഘട്ടത്തിൽ പ്രവർത്തിക്കുകയും വിവിധ മേഖലകളിൽ സംഭാവന നല്കുകയും ചെയ്ത ആലപ്പാട് പഞ്ചായത്തിലെ പ്രമുഖരെയും വിദ്യാഭ്യാസ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.