gopala

കൊട്ടാരക്കര: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റിട്ട. പ്രഥമാദ്ധ്യാപകൻ മരിച്ചു. കടമ്പനാട് കളീക്കൽ പുത്തൻവീട്ടിൽ( വേലിക്കകത്ത്) ഗോപാലകൃഷ്ണകുറുപ്പാണ് (74) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഗോപാലകൃഷ്ണകുറുപ്പിന്റെ ചെറുമക്കളായ ദേവാംഗ്(7), ദേവനന്ദൻ( 15) എന്നിവരെയും അപകടത്തിൽപ്പെട്ട അടുത്ത കാർ ഓടിച്ചിരുന്ന കോക്കാട് രശ്മി വിലാസത്തിൽ രാഘവൻ നായരെയും (73) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപാലകൃഷ്ണ കുറുപ്പിന്റെ ഭാര്യയും റിട്ട. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ലീലാമണിഅമ്മ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ സദാനന്ദപുരം കക്കാട് ജംഗ്ഷനു സമീപമായിരുന്നു അപകടം. അവധിക്കാലം ആസ്വദിക്കുന്നതിനായി കന്യാകുമാരിയിൽ പോയശേഷം അടൂരിലേക്ക് വരികയായിരുന്നു കുടുംബം. ഇതിനിടെ കൊട്ടാരക്കരയിൽ നിന്ന് വാളകത്തേക്കു പോകുകയായിരുന്ന രാഘവൻ നായരുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മണ്ണടി കെ.ആർ.കെ.പി.എം ഹൈസ്കൂളിലെ റിട്ട ഹെഡ്മാസ്റ്ററും സി.പി.എം കടമ്പനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു ഗോപാലകൃഷ്ണ കുറുപ്പ്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം കടമ്പനാട്ടെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി. മക്കൾ: രാജേഷ് കുറുപ്പ്, ലീന. മരുമക്കൾ: ഡോ. ശ്രീദേവി , രാജീവ് (ഗൾഫ്).