pipe
കുരീപ്പുഴ തോട്ടങ്കര ക്ഷേത്രത്തിന് സമീപം പൈപ്പ് ലൈൻ പൊട്ടിയൊലിക്കുന്നു

 രണ്ടാഴ്ചയായിട്ടും തിരിഞ്ഞു നോക്കാതെ ജല അതോറിറ്റി

കൊല്ലം: നാടാകെ കുടിവെള്ളത്തിനായി കേഴുമ്പോൾ കുരീപ്പുഴ തോട്ടങ്കര ക്ഷേത്രത്തിന് സമീപം രണ്ടാഴ്ചയായി പൈപ്പ് പൊട്ടി നടുറോഡിലൂടെ ശുദ്ധജലം കുത്തിയൊലിക്കുന്നു. പ്രദേശവാസികൾ പലതവണ വിവരമറിയിച്ചെങ്കിലും ജല അതോറിറ്റി അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.

തോട്ടങ്കര കളരിക്ക് സമീപത്തെ കുഴൽക്കിണറിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളമാണ് റോ‌ഡിലൂടെ പൈപ്പ് പൊട്ടി ഒഴുകുന്നത്. നൂറ് കണക്കിന് കുടുംബങ്ങൾക്കാണ് ഈ കുഴൽക്കിണറിൽ നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്നത്. പൈപ്പ് പൊട്ടിയതുകൊണ്ട് പമ്പിംഗ് നിറുത്തി വച്ചാൽ ഈ മേഖലയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടും. അതേസമയം പൊട്ടിയ ഭാഗത്തേക്കുള്ള വിതരണം താത്കാലികമായി നിറുത്തുന്നതിന് വാൽവ് സംവിധാനവും നിലവിലില്ല. പൈപ്പ് പൊട്ടിയതിനെ തുടർന്ന് തോട്ടങ്കര ക്ഷേത്രത്തിന് അപ്പുറമുള്ള കുടുംബങ്ങൾക്ക് രണ്ടാഴ്ചയായി കുടിവെള്ളം ലഭിക്കുന്നില്ല.

എത്രയും വേഗം പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് കുരീപ്പുഴ ഹരിത നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ഷാജി ആവശ്യപ്പെട്ടു.