boat-yard-
മാലിന്യമടിഞ്ഞ് കൂടിയ കടവൂർ മുട്ടത്ത്മൂല വള്ളക്കടവ്

 അടിയുന്നത് അറവുശാലകളിലെ മാലിന്യമുൾപ്പെടെ

കൊല്ലം: അഷ്‌ടമുടിക്കായലിലെ കടവൂർ മുട്ടത്ത്മൂല വള്ളക്കടവിൽ ഒഴുകി നടക്കുന്നത് അറവുശാലകളിലേതുൾപ്പെടെയുള്ള മാലിന്യം. നിലവിൽ അഷ്‌ടമുടി ഏറ്റുവാങ്ങുന്ന മിക്ക മാലിന്യവും വന്നടിയുന്ന കടവായി മാറിയിരിക്കുകയാണ് ഇവിടം.

വള്ളക്കടവിൽ മാലിന്യമടിഞ്ഞ് ഇവിടെ നിന്നുള്ള കടത്ത് മുടങ്ങിയതോടെ സമീപത്തെ സ്വകാര്യ പുരയിടത്തിൽ കൂടിയായിരുന്നു നാട്ടുകാർ വള്ളങ്ങളിൽ കയറിയിരുന്നത്. അടുത്തിടെ ഈ സ്വകാര്യ പുരയിടങ്ങൾ പാർശ്വഭിത്തി കെട്ടി സംരക്ഷിച്ചതോടെ അതുവഴിയുള്ള യാത്രയും തടസപ്പെട്ടു. ഇതേ തുടർന്ന് യാത്രക്കാർക്ക് വള്ളത്തിൽ കയറാനായി നാട്ടുകാരും തൊഴിലാളികളും ചേർന്ന് കടവിലെ മാലിന്യം നീക്കം ചെയ്തിരുന്നു. കടവിലേക്ക് വീണ്ടും വെള്ളമടുപ്പിക്കാനായത് നാട്ടുകാർക്ക് ആശ്വാസമാവുകയും ചെയ്തു. പക്ഷേ തുടർന്നും നിരന്തരം മാലിന്യം അടിഞ്ഞതോടെ സ്ഥിതി വീണ്ടും പഴയപടിയാവുകയായിരുന്നു.

അറവ് ശാലകളിലെ മാലിന്യവും ഇറച്ചി കോഴിയുടേതുൾപ്പെടെയുള്ള അവശിഷ്ടങ്ങളും വന്നടിയുന്നതാണ് വള്ളക്കടവിലെ പ്രധാന വെല്ലുവിളി. ഗുരുതരമായ പകർച്ചവ്യാധി സൃഷ്‌ടിച്ചേക്കാവുന്ന ഇത്തരം മാലിന്യം നിലവിൽ നാട്ടുകാർ കോരിയെടുത്ത് സംസ്‌കരിക്കുകയാണ് പതിവ്.

റോഡും ഗതാഗത സൗകര്യങ്ങളും വളർന്നെങ്കിലും ഉളയിക്കോവിലിലേക്കുള്ള യാത്രയ്‌ക്ക് തൊഴിലാളികളും നാട്ടുകാരും ഇപ്പോഴും ആശ്രയിക്കുന്നത് കടത്ത് വള്ളത്തെയാണ്. അഷ്ടമുടി കായലിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളുടെ ചെറുവള്ളങ്ങളും മുട്ടത്ത്മൂല കടവിലാണ് അടുപ്പിക്കുന്നത്. മാലിന്യത്തിൽ നിന്ന് വള്ളക്കടവിനെ മോചിപ്പിക്കാൻ നിരന്തരം അധികൃതരുടെ സഹായം തേടുന്നുണ്ടെങ്കിലും സഹകരണം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

 പെരുവഴിയിലായി തൊഴിലാളികൾ

കിഴക്കേക്കര പള്ളിയുടെ സമീപത്തെ മുട്ടത്ത്മൂല കടവിൽ നിന്ന് ഉളിയക്കോവിലേക്ക് ഒരു കടത്ത് വള്ളം മാത്രമാണ് ഇപ്പോഴുള്ളത്. കശുഅണ്ടി തൊഴിലാളികളാണ് യാത്രക്കാരിൽ ഭൂരിപക്ഷവും. കൂടാതെ കടവൂർ ക്ഷേത്രത്തിൽ പോകാൻ ഉളിയക്കോവിലിൽ നിന്ന് കടത്തിനെ ആശ്രയിക്കുന്നവുരും ഏറെയാണ്.

 അറവ് ശാലകളിലെ മാലിന്യമുൾപ്പെടെ കടവിൽ അടിയാറുണ്ട്. കടവിനെ മാലിന്യ വിമുക്തമാക്കി സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.

എസ്.ആർ. അജയകുമാർ

കടവൂർ മുട്ടത്ത്മൂല സ്വദേശി