കൊല്ലം: ഒരുകാലത്ത് സ്വർണവർണത്തിൽ നെന്മണികൾ പൂത്തുലഞ്ഞുകിടന്ന കാരിക്കുഴി ഏലയിൽ ഇന്ന് കോറപ്പുല്ല് തിങ്ങി വളർന്നു കിടക്കുകയാണ്. തരിശ് കിടക്കുന്ന ഭൂമി ഏറ്റെടുത്ത് കൃഷിയിറക്കാൻ പദ്ധതിയുണ്ടായിട്ടും കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കാരിക്കുഴി ഏല മാത്രം ആരും കണ്ട ലക്ഷണം ഭാവിക്കുന്നില്ല.
ഭീഷണിയായത് ഉപ്പുവെള്ളം
താന്നി കായലിൽ നിന്ന് ഉപ്പുവെള്ളം കയറിത്തുടങ്ങിയതോടെയാണ് ഏലായുടെ കഷ്ടകാലം ആരംഭിച്ചത്. നടുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഞാറ് അഴുകിത്തുടങ്ങാൻ ഇത് കാരണമായി. മഴയത്ത് കുത്തിയൊലിച്ച് വരുന്ന ഉപ്പുവെള്ളം തടയാൻ കർഷകർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. വിളവെത്താറായ നെൽച്ചെടികൾ ഉപ്പുവെള്ളം കയറി തുടർച്ചയായി അഴുകിയതോടെ ഇവിടത്തുകാർ കൃഷി ഉപേക്ഷിച്ചു. തരിശായ പാടം പിന്നീട് തുണ്ടുതുണ്ടായി മുറിച്ച് വിൽക്കാൻ തുടങ്ങി. അമ്പത് വർഷങ്ങൾക്ക് മുമ്പ് ഏകദേശം അഞ്ഞൂറ് ഏക്കറോളം വിസ്തൃതി ഉണ്ടായിരുന്ന ഏല ഇന്ന് പല സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായി 150 ഏക്കർ മാത്രമാണ് അവശേഷിക്കുന്നത്.
കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഹരിതകേരളം എന്ന പ്രത്യേക മിഷൻ തന്നെ സംസ്ഥാന സർക്കാരിനുണ്ടായിട്ടും ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ കാരിക്കുഴി ഏലയെ പഴയ പ്രതാപത്തിലേക്ക് നയിക്കാൻ ഒരിടപെടലും ഇതുവരെ ഉണ്ടായിട്ടില്ല.
ഉപ്പുവെള്ളം തടയാൻ ഷട്ടർ; പക്ഷേ കൈത്തോടുകൾ നികന്നു
ഉപ്പുവെള്ളം കയറുന്നത് തടയാൻ കാരിക്കുഴി ഏലയിലേക്കുള്ള പ്രധാന തോടായ കാരിക്കുഴി തോടിന് കുറുകെ നഗരസഭ 60 ലക്ഷം രൂപ ചെലവഴിച്ച് അടുത്തിടെ ഷട്ടർ നിർമ്മിച്ചു. 30 ലക്ഷം രൂപ ചെലവിൽ കാരിക്കുഴി തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണവും പുരോഗമിക്കുകയാണ്.
ഏലയിൽ പൊന്നുവിളയിക്കാൻ തയ്യാറായി തഴക്കം ചെന്ന കർഷകർ ഇപ്പോഴും ഇവിടുണ്ട്. എന്നാൽ കൃഷിക്ക് ആവശ്യമായ വെള്ളം കിട്ടാത്ത തരത്തിൽ ഏലയ്ക്കുള്ളിലെ ഏഴ് കൈത്തോടുകളും നികന്ന് കിടക്കുകയാണ്. ഇതിന് പുറമേ മനുഷ്യന് വെട്ടി മാറ്റാനാകാത്ത വിധം കോറ പുല്ലുകളും നിറഞ്ഞു.
കഴിഞ്ഞ ചിങ്ങത്തിൽ നൂറ് മേനി വിളവ്
കഴിഞ്ഞ വർഷം കാരിക്കുഴി ഏലയിലെ 12 ഏക്കർ സ്ഥലത്ത് നടത്തിയ കൃഷിയിൽ നൂറ് മേനി വിളവ് ലഭിച്ചിരുന്നു. കഴിഞ്ഞ ചിങ്ങത്തിലായിരുന്നു വിളവെടുപ്പ്. പ്രദേശവാസികളായ കർഷകരാണ് കൃഷിയിറക്കിയത്.