photo
ഒന്നാം തഴത്തോട് ശുചീകരിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ മഴക്കാല പൂർവ ശൂചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് തഴത്തോടുകളും ഓടകളും വൃത്തിയാക്കാനുള്ള പരിശ്രമത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ പരിധിയിലൂടെ കടന്ന് പോകുന്ന മൂന്ന് തഴത്തോടുകളുടെയും ഓടകളുടെയും ശുചീകരണത്തിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. എല്ലാ ഡിവിഷനുകളിലെയും ഓടകൾ പൂർണമായും ശുചീകരിച്ചു. 3500 തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഒരു സ്ത്രീ തൊഴിലാളിക്ക് ഒരു ദിവസം 271 രൂപയാണ് കൂലി. ജോലി ചെയ്യുന്ന ദിവസത്തെ കൂലി ഇവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. ഡിവിഷൻ കൗൺസിലർമാരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും 2 മണി മുതൽ വൈകിട്ട് 5 മണി വരെയുമാണ് ജോലി സമയം. എല്ലാ ദിവസവും മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥർ ജോലി സ്ഥലങ്ങൾ സന്ദർശിച്ച് ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ 28 ലക്ഷം രൂപയാണ് ഇതിനായി ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്. മുനിസിപ്പാലിറ്റിയിലെ 35 ഡിവിഷനുകളിലും ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

തഴത്തോടുകൾ മാലിന്യക്കൂമ്പാരം

തഴത്തോടുകൾ നിലവിൽ മാലിന്യക്കൂമ്പാരങ്ങളാണ്. രാത്രിയിൽ അറവ് മാലിന്യങ്ങൾ പോലും ചാക്കുകളിൽ കെട്ടി തഴത്തോടുകളിലാണ് നിക്ഷേപിക്കുന്നത്. മാലിന്യങ്ങൾ വാരി നീക്കുക എന്നതാണ് തൊഴിലാളികളുടെ ശ്രമകരമായ ദൗത്യം. തഴത്തോടുകൾ കൂടാതെ 20 ഓളം ചെറു നീർച്ചാലുകളും മുനിസിപ്പാലിറ്റിയുടെ പരിധിയിലുണ്ട്. നീർച്ചാലുകളുടെ ശുചീകരണവും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.