road
തിരുവനന്തപുരം- ചെങ്കോട്ട അന്തർ സംസ്ഥാന പാതയിലെ തെന്മല ഡാം റോഡിലെ ഒന്നാം വളവിലെ കൊക്കയുടെ ഭാഗത്ത് പാർശ്വഭിത്തി തകർന്ന് പാതയോരം.

പുനലൂർ: തിരുവനന്തപുരം -ചെങ്കോട്ട പാതയിൽ തെന്മല -ഡാം റോഡിലെ ഒന്നും രണ്ടും വളവുകളിലെ പാതയോരത്ത് പാർശ്വഭിത്തി നിർമ്മിക്കാത്തത് മൂലം അപകടങ്ങൾ വർദ്ധിക്കുന്നു. കുത്തിറക്കവും കൊടും വളവുമുള്ളതിനാൽ ഇവിടെയെത്തുന്ന വാഹനങ്ങൾ കൊക്കയിലേക്ക് മറിയുന്നത് പതിവ് സംഭവമാണ്. തമിഴ്നാട്ടിൽ നിന്ന് തെന്മല വഴി തിരുവനന്തപുരത്തേക്ക് ചരക്കുമായെത്തുന്ന വാഹനങ്ങളാണ് ഡാം റോഡിലെ രണ്ട് വളവുകളിലെയും കൊക്കയിലേക്ക് മറിയുന്നവയിൽ ഏറെയും. കഴിഞ്ഞ ആഴ്ച മാത്രം മൂന്ന് വാഹനങ്ങളാണ് രണ്ട് വളവുകളിലായി മറിഞ്ഞത്. ഡ്രൈവർമാർ അടക്കമുള്ളവർ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ചരക്കുമായെത്തുന്ന വാഹനങ്ങൾ തെന്മല ഡാം റോഡിലെകൊടും വളവുകളിൽ എത്തുമ്പോൾ നിയന്ത്രണം വിട്ട് സമീപത്തെ കൽക്കെട്ട് ഇടിച്ച് മറിച്ച് 150 അടി താഴ്ചയുള്ള വനത്തിലേക്ക് മറിയുകയാണ്. 80ൽ അധികം വാഹനങ്ങൾ ഇവിടെ മറിഞ്ഞിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഡാം റോഡിലെ കൊടും വളവുകളിൽ തറയോട് പാകിയത് മൂലം കൂടുതൽ വാഹനങ്ങളും തെന്നി മാറിയാണ് കൊക്കയിലേക്ക് മറിയുന്നത്. ടാറിട്ട റോഡിൽ നിരന്തരം കുണ്ടും കുഴിയും രൂപപ്പെടുന്നത് കണക്കിലെടുത്താണ് അധികൃതർ ഇന്റർ ലോക്ക് കട്ടകൾ പാകിയത്. എന്നാൽ കാലവർഷം കൂടി ആരംഭിക്കുമ്പോൾ തറയോട് പാകിയ വളവിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയും വർദ്ധിക്കുകയാണ്.

പാതയോരത്തെ പാർശ്വഭിത്തി തകരുന്നു

അര നൂറ്റാണ്ട് പഴക്കമുളള ഡാം റോഡിലെ രണ്ട് വളവുകളിലും കരിങ്കല്ലുപയോഗിച്ച് നിരവധി തവണ പാതയോരം കെട്ടി ഉയർത്തിയിരുന്നു. എന്നാൽ നിയന്ത്രണം വിട്ടെത്തുന്ന വാഹനങ്ങൾ ഇടിച്ച് പാതയോരത്തെ പാർശ്വഭിത്തി തകരുകയാണ്. കരിങ്കല്ലിന് പകരം കോൺക്രീറ്റ് ചെയ്ത പുതിയ പാർശ്വഭിത്തി പണിതാൽ വാഹനങ്ങൾ മറിയുന്നത് ഒരു പരിധിവരെ തടയാമെന്ന് പ്രദേശവാസികൾ പറയുന്നു.

തെന്മല ഇക്കോ ടൂറിസം മേഖല

തെന്മല ഇക്കോ ടൂറിസം മേഖലയിലൂടെ കടന്ന് പോകുന്ന ഡാം റോഡിലെ വളവുകളിലാണ് വാഹനാപകടങ്ങൾ നിത്യസംഭവമാകുന്നത്. തെന്മല ഇക്കോ ടൂറിസം, പാലരുവി ജലപാത, തമിഴ്നാട് കുറ്റാലം തുടങ്ങിയ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ വിദേശ വിനോദ സഞ്ചാരികൾ അടക്കം ദിവസവും നൂറ് കണക്കിന് ടൂറിസ്റ്റുകളുടെ വാഹനങ്ങളും കേരള-തമിഴ്നാട് അന്തർ സംസ്ഥാന ബസുകളും ചരക്ക് ലോറികളും കടന്ന് പോകുന്ന പാതയാണിത്.