foot-over-bridge
ശങ്കേഴ്സ് ആശുപത്രിക്ക് മുന്നിൽ നടപ്പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി സ്ഥാപിച്ച ബോർഡുകൾ

കൊല്ലം: അപകടങ്ങൾ തുടർക്കഥയായ ശങ്കേഴ്സ് ആശുപത്രി ജംഗ്ഷനിലെ ഗതാഗത പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കുന്ന തരത്തിൽ ജംഗ്ഷന്റെ ഹൃദയഭാഗത്ത് നഗരസഭ നടപ്പാലം നിർമ്മിക്കാനൊരുങ്ങുന്നു . ഗതാഗത പ്രശ്നത്തിന് പുറമേ ദിവസേന ആയിരങ്ങളെത്തുന്ന ശങ്കേഴ്സ് ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തണമെന്ന വൈരാഗ്യ ബുദ്ധിയോടെ പ്രവേശനകവാടം പൂർണ്ണമായും അടയുന്ന തരത്തിലാണ് നടപ്പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

 ദിവസേന രണ്ട് അപകടം

കൊല്ലം - തിരുമംഗലം ദേശീയപാതയിൽ ആശ്രാമത്ത് നിന്നുൾപ്പെടെ രണ്ട് പ്രധാനപ്പെട്ട റോഡുകൾ വന്നുചേരുന്ന സ്ഥലമാണ് ശങ്കേഴ്സ് ജംഗ്ഷൻ. ബസ് സ്റ്റാൻഡ് നൂറ് മീറ്റർ അകലെയാണെങ്കിലും ആശുപത്രിക്ക് മുന്നിലാണ് ബസുകൾ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ബസിൽ കയറാനായി യാത്രക്കാർ ശ്രദ്ധിക്കാതെ റോഡ് മുറിച്ചുകടക്കുന്നത് മൂലം ഒരു ദിവസം കുറഞ്ഞത് രണ്ട് അപകടമെങ്കിലും ഈ ഭാഗത്തുണ്ടാകാറുണ്ട്.

 കൂടുതൽ ഞെരുങ്ങും

നടപ്പാലം കൂടി വരുന്നതോടെ നിരവധി മെഡിക്കൽ സ്റ്റോറുകളും ഓട്ടോ - ടാക്സി സ്റ്റാൻഡുകളും പ്രവർത്തിക്കുന്ന ജംഗ്ഷൻ കൂടുതൽ ഞെരുങ്ങും. അത്യാസന്ന നിലയിലുള്ള രോഗികളുമായി വരുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് ആശുപത്രിയിലേക്ക് പ്രവേശിക്കാൻ തടസമുണ്ടാകും. കൂടാതെ ജംഗ്ഷനിലെത്തുന്ന വാഹനങ്ങൾക്ക് മറ്റ് റോഡുകളിലേക്ക് കടക്കാനും തടസം നേരിടും. നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി ജംഗ്ഷനിൽ ബോർഡുകൾ സ്ഥാപിച്ചപ്പോൾ തന്നെ ഇക്കാര്യം വ്യക്തമായി തുടങ്ങിയിട്ടുണ്ട്.

 നോക്കുകുത്തിയായി ബസ് ഷെൽട്ടർ

ആരും തിരിഞ്ഞുനോക്കാത്തതിനാൽ കുണ്ടറ ഭാഗത്തേക്കുള്ള ജംഗ്ഷനിലെ ബസ് ഷെൽട്ടർ നിലവിൽ സ്വകാര്യ വ്യക്തി കൈയേറി കച്ചവടം നടത്തിവരികയാണ്. ആശുപത്രിക്ക് മുന്നിൽ അപകടങ്ങൾ പതിവായതോടെ ബസുകൾ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ നിറുത്തുന്നതിനായി ഇവിടെ ഹോം ഗാർഡിനെ നിയോഗിച്ചതോടെ അപകടങ്ങൾ കുറഞ്ഞിരുന്നു. എന്നാൽ ഹോം ഗാർഡിന്റെ സേവനം ഇല്ലാതായതോടെ കാര്യങ്ങൾ വീണ്ടും പഴയപടിയായി.

ജംഗ്ഷനിൽ നിർമ്മിക്കാനൊരുങ്ങുന്ന നടപ്പാലം കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലാക്കുന്നതാണ് യാത്രക്കാർക്ക് ഗുണകരമെന്ന് നാട്ടുകാർ പറയുന്നു. ആശുപത്രിയുടെ പ്രവർത്തനത്തിന് തടസമുണ്ടാകില്ലെന്നതിന് പുറമെ ജംഗ്ഷനിലെ ഗതാഗത പ്രശ്നങ്ങളും ഒഴിവാകും.

 സ്ഥലം തിരഞ്ഞെടുത്തത് ശാസ്ത്രീയ പഠനമില്ലാതെ

ശാസ്ത്രീയമായ പഠനം നടത്താതെയാണ് ശങ്കേഴ്സ് ആശുപത്രി ജംഗ്ഷനിലെ നടപ്പാലത്തിന് സ്ഥലം തിരഞ്ഞെടുത്തത്. നഗരസഭയിലെ എൻജിനിയറിംഗ് വിഭാഗം യാതൊരു പഠനവും നടത്താതെ നിശ്ചയിച്ച സ്ഥലം നഗരസഭാ കൗൺസിൽ യോഗവും പരിശോധനകളൊന്നും നടത്താതെ അംഗീകരിക്കുകയായിരുന്നു.

ജംഗ്ഷന്റെ ഹൃദയഭാഗത്ത് തന്നെ നടപ്പാലം നിർമ്മിക്കുന്നത് ഗതാഗത പ്രശ്നം കൂടുതൽ രൂക്ഷമാക്കുകയേയുള്ളു. അപകടങ്ങൾ ഇപ്പോൾ നടക്കുന്നതിനേക്കാൾ വർദ്ധിക്കും. പ്രവേശനകവാടം പൂർണമായും മറച്ചുകൊണ്ടുള്ള നിർമ്മാണം ആശുപത്രിയുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കും.

ഡോ. ജി. ജയദേവൻ

(എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി)

ശങ്കേഴ്സ് ജംഗ്ഷനിൽ മേല്പാലം ആവശ്യമാണ്. എന്നാൽ മേല്പാലം കൊണ്ട് ജില്ലയിലെ പ്രധാന ആശുപത്രിയായ ശങ്കേഴ്സിന് ഒരുതരത്തിലുള്ള ദോഷമുണ്ടാകാനും പാടില്ല. സ്ഥലം നേരിട്ട് സന്ദർശിച്ച ശേഷം ആശുപത്രി അധികൃതരുമായി ചർച്ച ചെയ്ത് രൂപരേഖയിൽ ആവശ്യമായ മാറ്റം വരുത്തും.

വി. രാജേന്ദ്രബാബു (മേയർ)