മൺറോതുരുത്ത്: കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ മൺറോതുരുത്ത് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. പഞ്ചായത്തിലെ നെന്മേനി തെക്ക് വാർഡിൽ പനമ്പ് തെക്ക് ഭാഗം, നീണ്ടകര കാട്, ഉപ്പ് കാട് ഭാഗങ്ങളിലെ അമ്പതോളം കുടുംബങ്ങൾ ആഴ്ചകളായി കുടിവെള്ളമില്ലാതെ വലയുന്നത്. ജലക്ഷാമം രൂക്ഷമായതോടെ പ്രദേശത്ത് ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചെങ്കിലും വാഹനം കടന്നുപോകാൻ സൗകര്യമില്ലാത്തതിനാൽ പ്രയോജനം കണ്ടില്ല.
അതേസമയം പൊട്ടിയ പൈപ്പുകൾ നന്നാക്കി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. നിലവിൽ വാർഡിന്റെ വിവിധ ഭാഗങ്ങളിൽ മെയിൻ പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നത് മൂലം കാൽനടയാത്ര പോലും ദുരിതത്തിലാണ്. ഇതേ തുടർന്ന് നാട്ടുകാർ ചേർന്ന് വാട്ടർ അതോറിറ്റിയെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
അടിയന്തരമായി മെയിന്റനൻസ് നടത്തി കുടിവെള്ള പ്രശ്നത്തിനും യാത്രാദുരിതത്തിനും അറുതിവരുത്താൻ വേണ്ട നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.