jaya
നഗരസഭാ സൂപ്രണ്ടിംഗ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം ശങ്കേഴ്സ് ജംഗ്ഷനിൽ സ്ഥല പരിശോധന നടത്തുന്നു. എസ്.എൻ. ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ. ജി. ജയദേവൻ സമീപം

 നഗരസഭാ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി

കൊല്ലം: ശങ്കേഴ്സ് ആശുപത്രി ജംഗ്ഷനിലെ നടപ്പാലം നിർമ്മാണം നി‌റുത്തിവയ്ക്കാൻ നഗരസഭാ അധികൃതർ കരാറുകാർക്ക് നിർദ്ദേശം നൽകി. അപകടങ്ങൾ തുടർക്കഥയായ ശങ്കേഴ്സ് ജംഗ്ഷനിൽ ഗതാഗത പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നതിനൊപ്പം ശങ്കേഴ്സ് ആശുപത്രിയിലേക്കുള്ള പ്രവേശനം തടസപ്പെടുത്തുന്ന തരത്തിൽ നടപ്പാലം നിർമ്മിക്കുന്നതിനെ കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. വിശദമായ പഠനത്തിന് ശേഷം നടപ്പാലം നിർമ്മിക്കാൻ അനുയോജ്യമായ പുതിയ സ്ഥലം കണ്ടെത്താനാണ് തീരുമാനം.

മേയറുടെ നിർദ്ദേശത്തെ തുടർന്ന് നഗരസഭാ സൂപ്രണ്ടിംഗ് എൻജിനിയർ പി.ജെ. അജയകുമാർ, അസിസ്റ്റന്റ് എൻജിനിയർ എം. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ സ്ഥലം സന്ദർശിച്ചു. പ്രാഥമിക പരിശോധനയിൽ തന്നെ ആഞ്ഞിലി റോഡിൽ നിന്ന് ശങ്കേഴ്സ് ആശുപത്രിയുടെ പ്രവേശന കവാടത്തിലേക്ക് നടപ്പാലം നിർമ്മിക്കുന്നത് ഗതാഗത പ്രശ്നം കൂടുതൽ രൂക്ഷമാക്കുമെന്ന് വ്യക്തമായി. ഇതിന് പുറമെ ആശുപത്രിയുടെ പ്രവേശന കവാടം അടയുമെന്നും ഉദ്യോഗസ്ഥ സംഘത്തിന് ബോദ്ധ്യമായി. ശങ്കേഴ്സിന്റെ നടത്തിപ്പ് ചുമതലയുള്ള എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷന്റെ സെക്രട്ടറി ഡോ. ജയദേവനുമായും ഉദ്യോഗസ്ഥർ ചർച്ച നടത്തി. പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളുൾപ്പെടുത്തി സൂപ്രണ്ടിംഗ് എൻജിനിയർ മേയർക്ക് റിപ്പോർട്ട് നൽകി.

 മേയറുടെ നേതൃത്വത്തിൽ വീണ്ടും പരിശോധന

ശങ്കേഴ്സ് ജംഗ്ഷനിലെ നടപ്പാലത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ മേയറുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തിനുള്ളിൽ സ്ഥല പരിശോധന നടത്തും. പുതുതായി കണ്ടെത്തുന്ന സ്ഥലം കൗൺസിലിന്റെ അംഗീകാരത്തിന് വിടും. യാത്രക്കാർക്ക് പ്രയോജനകരമാകുന്നതിനൊപ്പം ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലാകും നടപ്പാലം നിർമ്മിക്കുകയെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു.

 പുതിയ നിർദ്ദേശവുമായി കൗൺസിലർ

'' ആഞ്ഞിലി റോഡിന്റെ വലത് വശത്ത് നിന്നാരംഭിച്ച് ശങ്കേഴ്സ് ആശുപത്രിക്ക് മുന്നിൽ അവസാനിക്കുന്ന തരത്തിലാണ് നിലവിലെ രൂപരേഖ. ഇത് ജംഗ്ഷനിലെ ഗതാഗത പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കും. നഗരസഭ പണം മുടക്കി ജനങ്ങളെ അപകടത്തിലേക്ക് വലിച്ചെറിഞ്ഞെന്ന പേരുദോഷവുമുണ്ടാകും. ഇതിന് പകരം ആഞ്ഞിലി റോഡിന്റെ ഇടത് വശത്ത് നിന്നാരംഭിച്ച് തൊട്ടടുത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിൽ അവസാനിക്കുന്ന തരത്തിൽ നടപ്പാലം നിർമ്മിക്കുന്നതാണ് ഉചിതം. ഇത് വാഹന ഗതാഗതത്തെ ഒരുതരത്തിലും ബാധിക്കുകയുമില്ല. "

റീന സെബാസ്റ്റ്യൻ (കൗൺസിലർ)