കൊല്ലം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ തീരദേശ മേഖലയുടെ സമഗ്ര വികസനവും മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും ഉറപ്പാക്കാനുള്ള ഡോ. സി.വി. ആനന്ദബോസ് തയ്യാറാക്കിയ 'എന്നെന്നും ചാകര' എന്ന പദ്ധതി പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. പദ്ധതി നടപ്പാക്കാൻ മുപ്പത്തയ്യായിരം കോടി രൂപ ചെലവ് വരും.
മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവും യു.എൻ പാർപ്പിട വിഭാഗം വിദഗ്ദ്ധസമിതി ചെയർമാനും മുൻ കൊല്ലം ജില്ലാ കളക്ടറുമായ ഡോ. സി.വി. ആനന്ദബോസിന്റെ പദ്ധതി മത്സ്യ മേഖലയിൽ നീല വിപ്ളവം ലക്ഷ്യമിടുന്നതാണ്.
സംസ്ഥാന സർക്കാരിനും റിപ്പോർട്ട് കൈമാറും. നിർദ്ദേശങ്ങൾ പൂർണമായും നടപ്പാക്കാൻ ആവശ്യമായ 35000 കോടി രൂപ കേന്ദ്രവും സംസ്ഥാനവും ചേർന്നാണ് വഹിക്കേണ്ടത്.
മത്സ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകൾ, തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം എന്നിവരുമായി ചർച്ച ചെയ്ത് അവരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് ആനന്ദബോസ് പ്രവർത്തന രേഖ തയ്യാറാക്കിയത്.
നീലവിപ്ളവം
വെള്ളത്തിലെ ശതകോടികൾ വിലമതിക്കുന്ന മത്സ്യ ഉത്പാദനം ഇപ്പോഴത്തേതിന്റെ 50 ശതമാനം വർദ്ധിപ്പിക്കുന്ന നീലവിപ്ളവം ഫലപ്രദമാകാനുള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ട്. അക്വാകൾച്ചർ പ്രോത്സാഹിപ്പിക്കണം, മത്സ്യക്കുഞ്ഞുങ്ങളുടെ നാശം വരുത്തുന്ന അടക്കംകൊല്ലി വലകൾ നിരോധിക്കാൻ നിയമം വേണം, കയറ്റുമതി മൂന്നിരട്ടി വർദ്ധിപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും പ്രവർത്തനരേഖയിലുണ്ട്.
പ്രധാന നിർദ്ദേശങ്ങൾ
# മത്സ്യത്തൊഴിലാളി മത്സ്യ ബന്ധനത്തിനിടെ മരിച്ചാൽ ഒരു കോടി രൂപയുടെ ഇൻഷ്വറൻസ്. പ്രീമിയം മത്സ്യത്തൊഴിലാളി നൽകേണ്ട.
# ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 5 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് തുക മത്സ്യത്തൊഴിലാളിക്ക് 10 ലക്ഷമാക്കണം.
ഐ.ഐ.ടി, ഐ.ഐ.എം, വിദേശ സർവകലാശാലകൾ എന്നിവിടങ്ങളിൽ മെരിറ്റിൽ പ്രവേശനം നേടുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കണം.
# ഗ്രാമീണ ബാങ്ക് മാതൃകയിൽ മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഫിഷറീസ് ഡെവലപ്മെന്റ് ബാങ്ക്.
# തമിഴ്നാട്ടിലെ അമ്മ കാന്റീൻ മാതൃകയിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാൻ കടലമ്മ കാന്റീനുകൾ.
# കേരളീയ മത്സ്യ വിഭവങ്ങൾക്ക് അന്തർദ്ദേശീയ ബ്രാൻഡിംഗ്.
# തീരമേഖലയെ മനോഹരമാക്കാൻ 'ഫ്രഞ്ച് റിവേര" മാതൃകയിൽ നവീകരിക്കണം.
# വ്യവസായം, വിനോദ സഞ്ചാരം എന്നിവ വികസിപ്പിക്കാൻ തീരദേശ കോറിഡോർ.
തീരസുരക്ഷാ സേനയിൽ മത്സ്യത്തൊഴിലാളികളെയും നിയമിക്കണം
'പദ്ധതി രേഖ സംബന്ധിച്ച് പ്രാഥമിക ചർച്ച നടന്നു. സംസ്ഥാന വിഷയമാണെങ്കിലും കേന്ദ്രത്തിന്റെ സഹകരണവും അനിവാര്യമാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഉടൻ പദ്ധതി സമർപ്പിക്കും."
ഡോ. സി.വി. ആനന്ദബോസ്