ജപ്പാനിലെ ടോയാമയിൽ ഒരു ഗ്രാമമുണ്ട്. ബുദ്ധ സന്യാസിമാരുടെ പ്രതിമകളുള്ള വില്ലേജ് എന്നർത്ഥം വരുന്നതാണ് വില്ലേജിന്റെ പേര്. അവിടെ ചെന്നാൽ അല്പം പ്രത്യേകതകളുള്ള ഒരു ഗാർഡൻ കാണാം. ഗാർഡനിൽ നമ്മെ വരവേൽക്കാൻ എത്തുന്ന ആതിഥേയർ ആരെന്നല്ലേ ? പ്രതിമകൾ. അഞ്ചോ ആറോ പ്രതിമകളല്ല. 800ഓളം പ്രതിമകൾ. 1980 ലാണ് ഈ പ്രതിമാ ഗാർഡൻ നിർമ്മിച്ചത്. മുസുഒ ഫറൂകാവ എന്ന ബിസിനസ്‌മാനുവേണ്ടിയാണ് ഈ പ്രതിമാ ഗാർഡൻ നിർമ്മിച്ചത്. 6 ബില്ല്യൻ യെൻ ആണ് പ്രതിമാ ഗാർഡന്റെ നിർമ്മാണ ചിലവ്. ഈ പ്രതിമക്കൂട്ടങ്ങളെ ശ്രദ്ധിച്ചാലറിയാം അധികവും ബുദ്ധസന്യാസിമാരാണ്. ഈ പ്രതിമകൾക്കിടയിൽ മുതലാളിയായ മുസുഒ ഫറൂകാവയുടെ പ്രതിമയും ഒളിഞ്ഞിരിപ്പുണ്ട്. മറ്റുള്ളവയൊക്കെ അദ്ദേഹത്തിന്റെ തന്നെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും രൂപമാണ്. ഒഴിവുസമയങ്ങളിൽ സന്ദർശകർക്ക് വന്ന് ഇരിക്കാനും ആസ്വദിക്കാനും കഴിയാവുന്ന രീതിയിലാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. രാത്രി സമയത്ത് പാർക്കിൽ വരുന്നവർക്ക് ഈ പ്രതിമകൾ യഥാർത്ഥ മനുഷ്യരാണോ എന്ന് സംശയം തോന്നിപ്പോകുമത്രേ. പ്രതിമകൾ പാർക്കിൽ പലയിടങ്ങളിലായി ചിതറി നിൽക്കുകയാണ്.