തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിര കാൽനടയാത്ര പോലും അസാദ്ധ്യം
കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനാകാതെ മരണം വരെയുണ്ടായി
കൊല്ലം: റെയിൽവേ ലെവൽ ക്രോസിലെ തുടർച്ചയായ ഗേറ്റടവ് മൂലം കൂട്ടിക്കട ജംഗ്ഷനിലെ ഗതാഗത സ്തംഭനം ദിവസം പിന്നിടുന്തോറും രൂക്ഷമാകുന്നു. ട്രെയിനുകൾ കടന്നുപോകുമ്പോൾ ജംഗ്ഷനിലെ ലെവൽ ക്രോസിന്റെ ഇരുവശങ്ങളിലുമായി കാത്തുനിൽക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയാൽ കൂട്ടിക്കട ഞെരിഞ്ഞമരുകയാണ്.
കൊട്ടിയം, മയ്യനാട്, വാളത്തുംഗൽ, തട്ടാമല എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകൾ വന്നുചേരുന്ന കൂട്ടിക്കടയുടെ ഹൃദയഭാഗത്താണ് റെയിൽവേ ലെവൽ ക്രോസ്. അത്യാവശ്യമായി എങ്ങോട്ടെങ്കിലും പോകാനിറങ്ങുന്നവരെല്ലാം ഈ ഗേറ്റിന് മുന്നിൽ കുടുങ്ങുകയാണ് പതിവ്. ജീവൻ രക്ഷിക്കാനുള്ള മരണപ്പാച്ചിലും ഈ ഗേറ്റുകൾക്ക് മുന്നിൽ നിലയ്ക്കും. അത്യാസന്ന നിലയിലുള്ളവരെപ്പോലും തലയിൽ ചുമന്ന് ഗേറ്റ് കടത്തുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. ഇങ്ങനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനാകാതെ നിരവധിയാളുകളാണ് മരണമടഞ്ഞിട്ടുള്ളത്.
രാവിലെ 9 മുതൽ 11 വരെയും വൈകിട്ട് നാല് മുതൽ ആറ് വരെയുമാണ് ഇതുവഴി ഏറ്റവുമധികം ട്രെയിനുകൾ കടന്നുപോകുന്നത്. ഈ സമയത്ത് നാല് റോഡുകളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടും. ഇതോടെ കാൽനടയാത്രക്കാർക്ക് പോലും ഇതുവഴി കടന്നുപോകാനാകില്ല. ഒരു ട്രെയിൻ കടന്നുപോയി ഗേറ്റ് തുറന്നാലും ക്യൂവിലുള്ള എല്ലാ വാഹനങ്ങൾക്കും ലെവൽ ക്രോസ് കടക്കാനാകില്ല. അതിന് മുമ്പേ അടുത്ത ട്രെയിനിനായി വീണ്ടും അടയ്ക്കും.
നിയന്ത്രണമില്ലാതെ വാഹനങ്ങൾ
ഗേറ്റ് തുറക്കുമ്പോൾ നാല് ഭാഗത്തുനിന്നും ഗേറ്റ് കടക്കാനുള്ള തത്രപ്പാടാണ്. ഗതാഗതം നിയന്ത്രിക്കാൻ ഒരു ഹോം ഗാർഡിനെപ്പോലും ഇവിടെ നിയോഗിച്ചിട്ടില്ല. തിക്കിതിരക്കി വാഹനയാത്രക്കാർ തമ്മിൽ കശപിശയും പതിവാണ്. അടുത്തിടെ കത്തിക്കുത്ത് പോലും ഉണ്ടായി. ഈ ദുരിതം പരിഹരിക്കാൻ മേല്പാലം നിർമ്മിക്കണമെന്ന കൂട്ടിക്കടക്കാരുടെ കാലങ്ങളായുള്ള ആവശ്യം ഇതുവരെയും അധികൃതർ പരിഗണിച്ചിട്ടില്ല.
വാഹനയാത്രക്കാർ സ്വയം നിയന്ത്രിക്കണം
വാഹനയാത്രക്കാർ സംയമനം പാലിച്ചാൽ കൂട്ടിക്കട ലെവൽക്രോസിലെ പ്രശ്നം ഒരുപരിധി വരെ പരിഹരിക്കപ്പെടും. നാല് ഭാഗത്തുമുള്ള വാഹനങ്ങൾ ഒരേസമയം കടന്നുപോകാൻ ശ്രമിക്കുമ്പോഴാണ് കുരുങ്ങി മുറുകി ആർക്കും കടക്കാനാകാത്ത സ്ഥിതിയാകുന്നത്. വാഹനങ്ങൾ ഗേറ്റിനുള്ളിൽ കുടുങ്ങി ട്രെയിൻ വരും മുമ്പ് അടയ്ക്കാൻ പറ്റാത്ത സാഹചര്യം പലതവണ ഉണ്ടായിട്ടുണ്ട്.
മേൽപ്പാലത്തിന് പ്രശ്നം സ്ഥലപരിമിതി
" മയ്യനാടും ഇരവിപുരത്തും മേല്പാലം നിർമ്മാണത്തിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ഈ രണ്ട് മേല്പാലങ്ങളും യാഥാർത്ഥ്യമാകുന്നതോടെ വലിയൊരു ഭാഗം വാഹനങ്ങൾ അതുവഴി കടന്നുപോകും. ഇതോടെ കൂട്ടിക്കടയിലെ പ്രശ്നം ഒരുപരിധി വരെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. രണ്ട് മേല്പാലങ്ങളും പൂർത്തിയായ ശേഷം കൂട്ടിക്കടയിലെ സ്ഥിതി പരിശോധിച്ച ശേഷം മറ്റ് നടപടികളിലേക്ക് നീങ്ങും. കൂട്ടിക്കടയിൽ മേല്പാലം നിർമ്മിക്കാൻ സ്ഥലപരിമിതി ഒരു പ്രശ്നമാണ്.''
എം. നൗഷാദ് എം.എൽ.എ