പുനലൂർ: കാലപ്പഴക്കത്തെ തുടർന്ന് തകർച്ചയിലായ തെന്മല പൊലീസ് സ്റ്റേഷൻ തെന്മല ഡാം ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിക്കുന്നു. ഡാം ജംഗ്ഷനിൽ കെ.ഐ.പിയുടെ പഴയ ഇൻസ്പെക്ഷൻ ബംഗ്ലാവ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്കാണ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുന്നത്. ഇതിനുള്ളിൽ എസ്.ഐയുടെ മുറി, കമ്പ്യൂട്ടർ, ലോക്കപ്പ് മുറി അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ജോലികൾ അവസാന ഘട്ടത്തിലാണ്.
കെട്ടിടം ചായം പൂശി മോടിപിടിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കും. ഈ മാസം തന്നെ സ്റ്റേഷൻ മാറ്റി സ്ഥാപിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ പത്ത് വർഷമായി തെന്മല പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള ആലോചന നടക്കുന്നുണ്ടെങ്കിലും ഭൂമിയെച്ചൊല്ലിയുള്ള തർക്കമാണ് തിരിച്ചടിയായിരുന്നത്. ആറ് മാസം മുമ്പ് തെന്മല ജംഗ്ഷനിൽ തടി ഡിപ്പോ പ്രവർത്തിച്ചുവരുന്ന സ്ഥലത്തെ 95 സെന്റ് ഭൂമി സ്റ്റേഷൻ മന്ദിരം പണിയാൻ വനം വകുപ്പ് വിട്ടുനൽകിയിരുന്നു.
എന്നാൽ നിലവിലെ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷൻ അവിടെ തന്നെ നിലനിറുത്തിയ ശേഷമേ പുതിയ കെട്ടിടം പണിയാവൂ എന്ന ആവശ്യവുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. ഇതോടെ പുതിയ കെട്ടിട നിർമ്മാണം അനിശ്ചിതത്വത്തിലായി മാറി. ഇതാണ് ചോർന്നൊലിക്കുന്ന പൊലീസ് സ്റ്റേഷൻ കാലവർഷത്തിന് മുമ്പ് ഡാം ജംഗ്ഷനിൽ മാറ്റി സ്ഥാപിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.
പഴയ സ്റ്റേഷന് കൂട്ട് അവഗണന
കഴിഞ്ഞ അര നൂറ്റാണ്ടിൽ അധികമായി സർക്കാർ പാട്ട ഭൂമിയിലെ ഓട് മേഞ്ഞ പഴഞ്ചൻ കെട്ടിടത്തിലായിരുന്നു തെന്മല പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടത്തിനുളളിൽ വനിതാ പൊലിസുകാർ അടക്കമുളള ജീവനക്കാർക്ക് നിന്നു തിരിയാൻപോലും ഇടമില്ല. കൂടാതെ സ്റ്റേഷനും പരിസരവും ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറി. എന്നാൽ തെന്മല ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന സ്റ്റേഷൻ ഡാം ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിക്കുന്നതോടെ ഇവയ്ക്ക് താല്കാലിക പരിഹാരമൊരുങ്ങുമെങ്കിലും സ്റ്റേഷനിലെത്താനുള്ള യാത്രാക്ളേശം രൂക്ഷമാകും.