etoilet
അഞ്ചാലുംമൂട് ജംഗ്ഷനിൽ കമ്മ്യൂണിറ്റി ഹാളിന് സമീപത്തെ പ്രവർത്തന രഹിതമായ ഇ - ടോയ്‌ലറ്റ്

 നശിക്കുന്നത് ജില്ലയിലെ ആദ്യ ഇ - ടോയ്‌ലറ്റുകൾ

കൊല്ലം: ജില്ലയിലെ ആദ്യത്തെ ഇ - ടോയ്ലറ്റുകൾ അഞ്ചാലുംമൂട് നഗരമധ്യത്തിൽ ഇ വേസ്റ്റുകളായി മാറിയിട്ട് കാലങ്ങളായി. നഗരസഭാ ഓഡിറ്റോറിയത്തിനടുത്തുള്ള ടാക്‌സി സ്റ്റാൻഡിലും കുണ്ടറയിലേക്കുള്ള ബസ് കാത്ത് യാത്രക്കാർ നിൽക്കുന്ന ഭാഗത്തുമായി സ്ഥാപിച്ച ടോയ്ലറ്റുകളാണ് ഉപയോഗയോഗ്യമല്ലാതെ സ്ഥിതി ചെയ്യുന്നത്.

അഞ്ചാലുംമൂട്, തൃക്കടവൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന കാലത്ത് ഒൻപത് ലക്ഷം രൂപ മുടക്കിയാണ് പഞ്ചായത്തിനായി സർക്കാർ ഏജൻസി അഞ്ചാലുംമൂട്ടിൽ രണ്ട് ടോയ്‌ലറ്റുകൾ സ്ഥാപിച്ചത്. എന്നാൽ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച പുതിയ സംവിധാനം ദിവസങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. ആവശ്യക്കാർക്ക് ടോയ്‌ലറ്റിനകത്തേക്ക് കയറാൻ കഴിയാത്ത തരത്തിൽ തകരാറുണ്ടായപ്പോൾ അറ്റകുറ്റപ്പണികളും തുടർ പരിപാലനവും ഉണ്ടായില്ല. തൃക്കടവൂർ പഞ്ചായത്ത് പിന്നീട് പൂർണ്ണമായും കൊല്ലം നഗരസഭയുടെ ഭാഗമായിട്ടും ടോയ്‌ലറ്റുകളുടെ തകരാറുകൾ പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല.

പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ നഗരമധ്യത്തിൽ മറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇ ടോയ്‌ലറ്റുകളുടെ മറവിൽ നിന്നാണ് ഇപ്പോൾ പലരും മൂത്രശങ്ക അകറ്റുന്നത്. ഇതിനാൽ കുണ്ടറയിലേക്കുള്ള ബസ് സ്റ്റാൻഡിലും നഗരസഭയുടെ ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനങ്ങൾ നടക്കുമ്പോഴും മൂക്ക് പൊത്താതെ ജനങ്ങൾക്ക് നിൽക്കാനാകില്ല.

സർക്കാരിന്റെ ലക്ഷങ്ങൾ നഷ്ടമായെന്ന് മാത്രമല്ല, തിരക്കേറിയ നഗരമധ്യത്തിലെ സ്ഥലവും ഉപയോഗ ശൂന്യമായി. തകരാറുകൾ പരിഹരിച്ച് അടിയന്തരമായി ഇ- ടോയ്‌ലറ്റുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.

 നിർമ്മാണ ചെലവ് 9 ലക്ഷം രൂപ

 പ്രവർത്തിച്ചത് ദിവസങ്ങൾ മാത്രം